ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.
പുതിയ സംവിധായകര്‍ക്ക് പുതിയ പരീക്ഷണങ്ങള്‍ നടത്താനുള്ള സാഹചര്യം ഇന്നത്തെ മലയാള സിനിമയില്‍ ഉണ്ട്. അത് കണ്ട് കൈയടിക്കാന്‍ പ്രേക്ഷകരുണ്ട് എന്നതാണ് അത്തരം ചിത്രങ്ങള്‍ക്കായി പണം മുടക്കാന്‍ നിര്‍മ്മാതാക്കളെ ധൈര്യപ്പെടുത്തുന്നത്. ഏത് ജോണര്‍ ചിത്രമാണെങ്കിലും ചില വാണിജ്യ ഘടകങ്ങള്‍ ഉറപ്പായും വേണമെന്ന വാശിയൊന്നും ഇന്നത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഇല്ല. ജോണര്‍ സ്പെസിഫിക്ക് ആയ ചിത്രങ്ങള്‍ക്ക് അതൊക്കെ വേണമെന്ന് കാണികളും ശഠിക്കുന്നില്ല എന്നതാണ് വസ്തുത. ഇപ്പോഴിതാ ദിലീപ് നായകനായെത്തുന്ന അടുത്ത ചിത്രത്തിനും അത്തരത്തിലുള്ള ചില സവിശേഷതകള്‍ ഉണ്ട്. ഷാജി കൈലാസിന്‍റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നീക്കം ആണ് ആ ചിത്രം.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് നീക്കം. ചിത്രത്തില്‍ ഒരു നായികയോ ഫൈറ്റോ ഇല്ലെന്ന് പറയുന്നു ജഗന്‍ ഷാജി കൈലാസ്. പാട്ടുകള്‍ ചിലപ്പോള്‍ മാത്രമേ ഉണ്ടാവൂ എന്നും മീശ പിരിക്കുന്ന നായകനുമാവില്ല ചിത്രത്തിലേതെന്നും സംവിധായകന്‍ പറയുന്നു. ഓണ്‍ എയര്‍ കേരള എന്ന യുട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു ജഗന്‍ ഷാജി കൈലാസ്. ഒരു കംപ്ലീറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് നീക്കം. ഡബ്ബ് കഴിഞ്ഞു. അവസാനഘട്ട ജോലികള്‍ പുരോഗമിക്കുന്നു. ക്രിസ്മസിന് മുന്‍പ് എന്തായാലും റിലീസ് ഉണ്ടാവും. സിനിമയില്‍ 100 ശതമാനം തൃപ്തനാണ്, ജഗന്‍റെ വാക്കുകള്‍.
അതേസമയം ചിത്രത്തിന്‍റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഒരു എഗ്രിമെന്‍റിന്‍റെ പ്രശ്നം മാത്രമേയുള്ളൂ എന്നായിരുന്നു ജഗന്‍ ഷാജി കൈലാസിന്‍റെ പ്രതികരണം. നിര്‍മ്മാതാവ് എ വി അനൂപിന്‍റെ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് കെ കുമരേഷ് ബാബുവിന്‍റെ ഇടക്കാല ഉത്തരവ്. നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹര്‍ജിക്കാരന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്റ്റേ അനിവാര്യമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് ഹര്‍ജിക്ക് ആധാരം. നിര്‍മ്മാണ കരാര്‍ ലംഘിച്ചുവെന്നും സന്ദീപ് നല്‍കിയ ചെക്ക് മടങ്ങിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ദിലീപിൻ്റെ കരിയറിലെ 152-ാമത്തെ ചിത്രമാണ് ഇത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

