ഓണം റിലീസുകള്‍ തീയേറ്ററുകളില്‍ തുടരുമ്പോള്‍ത്തന്നെ മലയാളത്തില്‍ ഈ വാരം പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. മമ്മൂട്ടിയും വിനീത് ശ്രീനിവാസനും നായകന്മാരാകുന്ന ചിത്രങ്ങളാണ് മലയാളത്തിലെ രണ്ട് പ്രധാന റിലീസുകള്‍. തമിഴ്, ഇംഗ്ലീഷ് ഭാഷകളിലേതുള്‍പ്പെടെ ആറ് സിനിമകളാണ് ഈ വാരം തീയേറ്ററുകളില്‍ എത്തുന്നത്. 

ജയറാം നായകനായ 'പഞ്ചവര്‍ണ്ണതത്ത'യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗാനഗന്ധര്‍വ്വന്‍'. ഗാനമേളയില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. രണ്ട് മണിക്കൂര്‍ 20 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് ലിജോ പോള്‍. 

അതേസമയം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ അഭിനയിച്ച് തീയേറ്ററുകളിലെത്തുന്ന ചിത്രമാണ് മനോഹരം. ടെക്നോളജിയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ട്ടിസ്റ്റാണ് വിനീത് അവതരിപ്പിക്കുന്ന മനു എന്ന കഥാപാത്രം. തിരക്കഥയും സംവിധായകന്‍ തന്നെ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിന്‍ ജേക്കബ് ആണ്. 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖും വിനീതും വീണ്ടും ഒന്നിക്കുകയാണ് 'മനോഹര'ത്തിലൂടെ.

ജഹാംഗീര്‍ ഉമ്മര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'മാര്‍ച്ച് രണ്ടാം വ്യാഴം', ശ്രീജിത്ത് പണിക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം 'ഓഹ' എന്നിവയാണ് മലയാളത്തിലെ മറ്റ് റിലീസുകള്‍. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച്, പാണ്ഡ്യരാജ് സംവിധാനം ചെയ്ത്, ശിവകാര്‍ത്തികേയന്‍ നായകനാവുന്ന 'നമ്മ വീട്ടു പുള്ളൈ'യാണ് തമിഴില്‍ ഈ വാരത്തിലെ പ്രധാന റിലീസ്. പ്രധാന നഗരങ്ങളിലും മള്‍ട്ടിപ്ലെക്‌സുകളിലും ഹോളിവുഡില്‍ നിന്നുള്ള അനിമേഷന്‍ അഡ്വഞ്ചര്‍ കോമഡി 'അബൊമിനബിളും' റിലീസ് ചെയ്യും.