ഒരു നടി എന്ന നിലയിലുള്ള സിനിമയിലെ വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് നിഖില വിമൽ. 'പെണ്ണ് കേസ്' ആണ് നിഖിലയുടെ വരാനിരിക്കുന്ന പുതിയ ചിത്രം. നവംബറിൽ റിലീസിനെത്തുന്ന ചിത്രത്തിൽ നിഖിലയെക്കൂടാതെ ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ് എന്നിവരും എത്തുന്നു.
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നിഖില വിമൽ. ലവ് 24x7 എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ നായികയായി നിഖില വിമൽ അരങ്ങേറ്റം കുറിക്കുന്നത്. അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, ജോ ആൻറ് ജോ, ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി തുടങ്ങീ മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ നിഖിലയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം സജീവമാണ്. മാരി സെൽവരാജ് ചിത്രം 'വാഴൈ' എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ ഒരു നടി എന്ന നിലയിലുള്ള സിനിമയിലെ വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് നിഖില വിമൽ. ആദ്യ സിനിമ ലഭിച്ചുകഴിഞ്ഞാൽ രണ്ടാമത്തെ സിനിമ ലഭിക്കാനായി വലിയ രീതിയിൽ സ്ട്രഗിൾ ചെയ്യേണ്ടി വരുമെന്നാണ് നിഖില വിമൽ പറയുന്നത്.
"അടുത്തിടെ ഇവിടുത്തെ ഫെയ്മസായ ഒരാൾ എന്നോട് ചോദിച്ചതാണ് എന്തുകൊണ്ടാണ് മലയാള സിനിമയിൽ നടിമാർ നിലനിൽക്കാത്തത്, പണ്ട് നടിമാരൊക്കെ ഒരുപാട് സിനിമകൾ ചെയ്തിരുന്നുവല്ലോയെന്ന്. ഇക്കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, 'നിങ്ങൾ വിളിച്ചുകൊണ്ട് വന്ന് ആദ്യത്തെ സിനിമ കൊടുക്കും, അതായത് ആദ്യം ഒരു പുതുമുഖ നടിയെ ഇൻട്രൊഡ്യൂസ് ചെയ്യും. പിന്നീട് ആ നടി രണ്ടാമത്തെ സിനിമ എങ്ങനെയൊക്കയോ സ്ട്രഗിൾ ചെയ്ത് ചെയ്യും. പിന്നെ മൂന്നാമത്തെ സിനിമ വരുമ്പോൾ അവർ സ്വാഭാവികമായി കാശ് കൂട്ടി ചോദിക്കും. അത് നിങ്ങൾക്ക് ഇഷ്ടമാകില്ല. അപ്പോൾ അവർ അടുത്ത പുതുമുഖ നടിയെ കൊണ്ടുവരും. മറ്റുള്ളവർ ഇവിടെ സ്ട്രഗിൾ ചെയ്യും. സത്യമായിട്ടും കാക്കനാട് പോയി വിളിച്ച് കൂവി കഴിഞ്ഞാൽ ഒരു ഫ്ലാറ്റിൽ നിന്നും കുറഞ്ഞത് മൂന്ന് പുതുമുഖ നടിമാരെങ്കിലും ഇറങ്ങി വരും." നിഖിൽ വിമല പറയുന്നു.
"ഭയങ്കര സ്ട്രഗിളാണ്. എല്ലാവരും വിചാരിക്കുന്നത് പോലെയൊരു കാര്യമല്ല അത്. പലരും സർവൈവ് ചെയ്യുന്നത് ഇൻഫ്ലൂവൻസർ, മാർക്കറ്റിങ്ങൊക്കെ ഉള്ളതുകൊണ്ടാണ്. അല്ലെങ്കിൽ എന്ത് ചെയ്യും? അപ്പോഴും ഇൻഫ്ലൂവൻസറാണോ ആക്ടറാണോയെന്ന സ്ട്രഗിളും നിങ്ങൾക്ക് വരും. കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യട്ടേയെന്ന് ആരെങ്കിലും ചോദിച്ചാൽ വേണ്ടെന്നാണ് ഞാൻ പറയാറ്. മൂന്ന്- നാല് സിനിമകൾ കൂടി ചെയ്തതിന് ശേഷം മാത്രം അതേ കുറിച്ച് ചിന്തിച്ചാൽ മതിയെന്നും പറയും. അല്ലാത്തപക്ഷം കൊച്ചിയിൽ വന്ന് നിന്നാൽ സ്ട്രഗിൾ ചെയ്യേണ്ടി വരും. ഞാൻ അടുത്ത കാലത്താണ് കൊച്ചിയിലേക്ക് വന്നത്. പണിയില്ലെങ്കിൽ അപ്പോൾ തന്നെ ഞാൻ നാട്ടിൽ പോകും. ആറ് കൊല്ലം മുമ്പാണ് ഞാൻ കൊച്ചിയിലേക്ക് ഷിഫ്റ്റായത്." നിഖില വിമൽ പറയുന്നു. വിഐടി ടോക്ക്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
'പെണ്ണ് കേസ്'
അതേസമയം 'പെണ്ണ് കേസ്' ആളാണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം. തിരക്കഥാകൃത്തായ ഫെബിൻ സിദ്ധാർത്ഥ് ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണ് കേസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫെബിനും രശ്മി രാധാകൃഷ്ണനും ചേർന്നാണ്. നവംബറിൽ റിലീസിനെത്തുന്ന ചിത്രത്തിൽ നിഖിലയെക്കൂടാതെ ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 'പെണ്ണ് കേസ്' എന്ന പേരിലുള്ള കൗതുകം സിനിമ പ്രേമികൾക്കിടയിൽ ചിത്രത്തിന്റെ ഇതിവൃത്തത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ചിത്രത്തിന്റേതായി പുറത്തുവന്ന ടീസർ പോസ്റ്ററും പിന്നീട് വന്ന ഒഫീഷ്യൽ പോസ്റ്ററുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്.



