Asianet News MalayalamAsianet News Malayalam

'അത് പൊതുവേദിയില്‍ നടന്ന പ്രഹസനം'; അനില്‍ രാധാകൃഷ്ണന്‍ മേനോന് പിന്തുണയുമായി നിര്‍മല്‍ പാലാഴി

'ദയവ് ചെയ്ത് രണ്ടുഭാഗത്തുമുള്ള സത്യാവസ്ഥ അറിയാതെ, ഒന്നുമറിയാതെ വീട്ടില്‍ ഇരിക്കുന്നവരെ തെറിപറയുന്ന ഈ പരിപാടി നിര്‍ത്തണം. ഒരു അപേക്ഷയാണ്. പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകള്‍ കൂടെ നില്‍ക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക. അതു കേള്‍ക്കുമ്പോഴേക്കും സത്യം നോക്കാതെ എടുത്തു ചാടുന്ന ഈ പ്രവണത ഒന്നു നിര്‍ത്തിക്കൂടേ?'

nirmal palazhi supports anil radhaakrishnan menon
Author
Thiruvananthapuram, First Published Nov 2, 2019, 11:22 AM IST

നടന്‍ ബിനീഷ് ബാസ്റ്റിന്‍ പാലക്കാട് മെഡിക്കല്‍ കോളെജ് വേദിയില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നവര്‍ക്കെതിരേ നടന്‍ നിര്‍മല്‍ പാലാഴി. അനിലിന്റെ സിനിമകളുടെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് മാസങ്ങളോളം അണിയറപ്രവര്‍ത്തകര്‍ ജാതി, മത വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ വീട്ടിലാണ് കഴിയാറുള്ളതെന്നും പുതിയ വിവാദത്തില്‍ അദ്ദേഹത്തിന് പറയാനുള്ളത് ആരും കേള്‍ക്കുന്നില്ലെന്നും നിര്‍മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ചു.

നിര്‍മല്‍ പാലാഴിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു സിനിമാ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്നേ പ്രീ പ്രൊഡക്ഷന്‍ സമയത്ത് അതിലെ അസോസിയേറ്റ്, അസിസ്റ്റന്റ് അങ്ങനെ സിനിമയുമായി ബന്ധമുള്ള എല്ലാവരും- അതില്‍ പല മതത്തില്‍ പെട്ടവരുണ്ട്, പല ജാതിയില്‍ പെട്ടവരും ഉണ്ട്- ഒരുമിച്ച് മാസങ്ങളോളം അനിലേട്ടന്റെ വീട്ടില്‍ ആണ് ഉണ്ടുറങ്ങി താമസിക്കുന്നത്. എല്ലാവര്‍ക്കും ഒരേ സ്‌നേഹത്തോടെയാണ് ആ അമ്മയും ചേച്ചിയും വച്ചു വിളമ്പിയിട്ടുള്ളത്. ജാതിയും മതവും പറയുന്ന ആള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. 'അനിലേട്ടന്‍ പറഞ്ഞൂന്ന് പറഞ്ഞു' എന്നേ കെട്ടിട്ടുള്ളൂ. അനിലേട്ടന്‍ നേരിട്ടുപറഞ്ഞതായി ആരും കേട്ടിട്ടില്ല. ഒരു പൊതുവേദിയില്‍വച്ച് നടന്ന പ്രഹസനത്തിന് അതേ രീതിയില്‍ തിരിച്ചുപ്രതികരിക്കാന്‍ അദ്ദേഹത്തിന്റെ നിലവാരം അനുവദിച്ചു കാണില്ല. അതുകൊണ്ടായിരിക്കാം ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോന്നത്. അത് അദ്ദേഹത്തിന് ഉത്തരം മുട്ടിയിട്ടാണ് എന്നു പറയുന്നവരെയും കണ്ടു. അത് പിന്നെയും ചൊറിഞ്ഞു പൊട്ടിക്കാതെ തന്റെ ഭാഗത്തെ തെറ്റുപറഞ്ഞ്, ക്ഷമചോദിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. അതു കഴിഞ്ഞിട്ടും തെറിപൊങ്കാല ഇടുന്നവരോട്. ദയവ് ചെയ്ത് രണ്ടുഭാഗത്തുമുള്ള സത്യാവസ്ഥ അറിയാതെ, ഒന്നുമറിയാതെ വീട്ടില്‍ ഇരിക്കുന്നവരെ തെറിപറയുന്ന ഈ പരിപാടി നിര്‍ത്തണം. ഒരു അപേക്ഷയാണ്. പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകള്‍ കൂടെ നില്‍ക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക. അതു കേള്‍ക്കുമ്പോഴേക്കും സത്യം നോക്കാതെ എടുത്തു ചാടുന്ന ഈ പ്രവണത ഒന്നു നിര്‍ത്തിക്കൂടേ? ഈ പോസ്റ്റ് ഇട്ട ഞാനും ഉന്നതകുലജാതന്‍ ആയിട്ടല്ലാട്ടോ, ഇതിന് പിന്നിലെ കുറച്ചു സത്യങ്ങള്‍ അറിയാം. അതുകൊണ്ട് മാത്രമാണ് ഈ പോസ്റ്റ്.

Follow Us:
Download App:
  • android
  • ios