തെലുങ്കിലെ ശ്രദ്ധേയനായ യുവ താരമാണ് നിതിൻ. ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വരവറിയിച്ച് പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നടൻ. പിന്നീട് നിതിൻ പരാജയങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ 2002ല്‍ ആദ്യ സിനിമയില്‍ നിന്ന് 2020ല്‍ എത്തിനില്‍ക്കുമ്പോള്‍ ഒട്ടേറെ വിജയചിത്രങ്ങളിലെ നായകനായി നിതിൻ മാറിയിട്ടുണ്ട്. തെലുങ്കില്‍ ഒട്ടേറെ ആരാധകരുള്ള നായക നടനായി മാറി നിതിൻ. നിതിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

യുകെയിലെ എംബിഎ വിദ്യാര്‍ഥിനിയായ ശാലിനിയാണ് നിതിന്റെ വധു. നാല് വര്‍ഷമായിട്ടുള്ള പരിചയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. ഏപ്രില്‍ 15ന് ആയിരിക്കും വിവാഹം. ദുബായില്‍ വെച്ചാണ് വിവാഹം നടക്കുക. അമ്പതോ അറുപതോ ആള്‍ക്കാര്‍ മാത്രമായിരിക്കും വിവാഹ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തുക. വിവാഹത്തിനുള്ള ക്ഷണം നിതിന്റെ മാതാപിതാക്കള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 16ന് വിവാഹവിരുന്നും നടത്താനാണ് ആലോചന.