ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുമ്പോള്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍ പോളിക്കും അഭിമാന നിമിഷമാണ്. നിവിന്‍ കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരം കഥാപാത്രമാണ് 'മൂത്തോനി'ലെ 'അക്ബര്‍ ഭായ്' എന്നും ഞെട്ടിക്കുന്ന പ്രകടനമാണ് എന്നുമൊക്കെയാണ് പ്രേക്ഷക പ്രതികരണങ്ങള്‍. കഥാപാത്രത്തിന്റെ സ്വഭാവവും പെരുമാറ്റവും ഒക്കെപ്പോലെ വേറിട്ട മേക്കോവറുമാണ് നിവിന് ചിത്രത്തില്‍. ബോളിവുഡില്‍ നിന്നുള്ള മേക്കപ്പ്മാന്‍ വിക്രമാണ് കഥാപാത്രത്തിന്റെ ലുക്ക് രൂപപ്പെടുത്തി എടുത്തത്. കഥാപാത്രത്തിന്റെ രൂപത്തിലെത്താന്‍ മേക്കപ്പ്മാന് മുന്നില്‍ രണ്ടര ദിവസം ഇരുന്നുകൊടുക്കേണ്ടി വന്നുവെന്ന് നിവിന്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ ഇതേക്കുറിച്ച് പറയുന്നത്.

'മൂത്തോനിലെ കഥാപാത്രത്തെക്കുറിച്ച് സംവിധായികയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. പ്രത്യേകത നിറഞ്ഞതായിരുന്നു വിക്രത്തിന്റെ ഡിസൈനിംഗ് രീതി. മുന്‍പിലിരുത്തി ഒരുപാടുനേരം നിശബ്ദമായി നിരീക്ഷിക്കും. പിന്നീട് അവിടെ ,ഷേഡ് കൊടുക്കൂ, കമ്മല്‍ നല്‍കൂ, മുടി കുറച്ചുകളയൂ.. അങ്ങനെ പലതരം കമന്റുകള്‍ വന്നുകൊണ്ടിരിക്കും. അഭിനേതാവിനെ കണ്‍മുന്നില്‍ വച്ചുകൊണ്ടുള്ള പരീക്ഷണമാണ്. രണ്ടര ദിവസം മുന്നില്‍ ഇരുന്നുകൊടുക്കേണ്ടിവന്നു. ഏതാണ്ടൊരു രൂപം ഉറപ്പിച്ചുകഴിഞ്ഞപ്പോള്‍ കഥാപാത്രത്തിന്റെ വേഷം നല്‍കി തെരുവിലൂടെ നടത്തിച്ചു. കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങുന്നതും ആള്‍ക്കൂട്ടവുമായി സംസാരിക്കുന്നതുമെല്ലാം ക്യാമറയില്‍ പകര്‍ത്തി. അതിനുശേഷവും സൂക്ഷ്മമായ മാറ്റങ്ങള്‍ കൊണ്ടുവന്നു', നിവിന്‍ വിശദീകരിക്കുന്നു.

 

നേരത്തേ ടൊറന്റോ ചലച്ചിത്രമേളയിലും മുംബൈ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് മൂത്തോന്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മുംബൈ മേളയുടെ ഉദ്ഘാടന ചിത്രവുമായിരുന്നു മൂത്തോന്‍. ലക്ഷദ്വീപും മുംബൈയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. രാജീവ് രവിയാണ് ഛായാഗ്രഹണം. ഹിന്ദിയിലെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്.