തിയറ്റർ പൂരപ്പറമ്പാക്കി 'നിതിൻ മോളി'; പുത്തൻ പടവുമായി നിവിൻ, നായികയാകാൻ നയൻതാര
ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
ഒരിടവേളയ്ക്ക് ശേഷം നിവിൻ പോളിയെ ആഘോഷമാക്കുകയാണ് കേരളക്കര. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലൂടെ എവിടെയോ നഷ്ടപ്പെട്ടുപോയ നിവിൻ എന്ന നടൻ തിരിച്ചെത്തിയത് തന്നെ അതിന് കാരണം. നിതിൻ മോളി എന്ന കഥാപാത്രത്തെയാണ് നിവിൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ തിയറ്ററുകളിൽ ഗംഭീര പ്രതികരണം നേടി പ്രദർശനം തുടരുന്നതിനിടെ നിവിൻ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
വിഷുദിനത്തിലാണ് ബിഗ് അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നത്. 'ഡിയർ സ്റ്റുഡൻസ്' എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പർഹിറ്റ് ചിത്രം 'ലൗ ആക്ഷൻ ഡ്രാമ'ക്ക് ശേഷം നിവിൻ പോളി-നയൻതാര കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
കർമ്മ മീഡിയ നെറ്റ്‌വർക്ക് എൽ എൽ പി, അൾട്രാ എന്നിവയുമായ് സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 2019 സെപ്റ്റംബർ 5നാണ് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ 'ലൗ ആക്ഷൻ ഡ്രാമ' തിയറ്റർ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ നിവിൻ പോളി-നയൻതാര കോമ്പോക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. നർമ്മം കലർന്ന കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന നിവിൻ ചിത്രത്തിൽ നയൻതാരയോടൊപ്പം തകർത്തഭിനയിച്ചതോടെ പ്രേക്ഷകരുടെ പ്രിയ ജോഡികളായ് ഇവർ മാറുക ആയിരുന്നു. ആ പ്രേക്ഷകരിലേക്കാണ് 'ഡിയർ സ്റ്റുഡൻസ്'ന്റെ അനൗൺസ്മെന്റ് എത്തുന്നത്.
ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. മോഷൻ പോസ്റ്റർ കൺസെപ്റ്റ്: ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ, മോഷൻ പോസ്റ്റർ: ശബരി റാമിരോ, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, മ്യൂസിക് ഫൈനൽ മിക്സ്: എബിൻ പോൾ, പോസ്റ്റർ ഡിസൈൻ: ടൂണി ജോൺ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദർ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..