കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വിനയ് ഗോവിന്ദ് ആണ് സംവിധാനം

ഈസ്റ്റര്‍ ദിനത്തില്‍ എത്തുമെന്ന് നിവിന്‍ പോളി അറിയിച്ചിരുന്ന സര്‍പ്രൈസ് എത്തി. താന്‍ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനമായിരുന്നു അത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് 'താരം' എന്നാണ്. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിനയ്. മലയാള ചിത്രങ്ങളുടെ ഇംഗ്ലീഷ് സബ്‍ടൈറ്റിലിംഗിലൂടെ ശ്രദ്ധേയനായ വിവേക് രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. കിളി പോയി എന്ന ചിത്രത്തിന്‍റെ സഹ രചയിതാവുമായിരുന്നു വിവേക്.

കുടുംബപ്രേക്ഷകര്‍ക്കും രസിക്കുന്ന ഒരു റൊമാന്‍റിക് കോമഡിയാണ് ചിത്രം എന്ന നിലയിലാണ് അണിയറക്കാര്‍ സൂചനകള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രദീഷ് എം വര്‍മ്മയാണ് ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്. എഡിറ്റിംഗ് അര്‍ജു ബെന്‍. സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്റ്റര്‍). സൗണ്ട് മിക്സ് വിഷ്‍ണു ഗോവിന്ദ്. മനു മഞ്ജിത്ത്, ഹരിനാരായണന്‍ ബി കെ എന്നിവരുടേതാണ് വരികള്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അരുണ്‍ ഡി ജോസ്. പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്‍സ്. 

അതേസമയം നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് നിവിന്‍ പോളിയുടേതായി പുറത്തുവരാനുള്ളത്. രാജീവ് രവിയുടെ തുറമുഖം, ലിജു കൃഷ്‍ണയുടെ പടവെട്ട്, രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ കനകം കാമിനി കലഹം, എബ്രിഡ് ഷൈനിന്‍റെ മഹാവീര്യര്‍ എന്നിവയാണ് അവ.