Asianet News MalayalamAsianet News Malayalam

'ഫാര്‍മ' വരുന്നു; സിനിമയല്ല, കരിയറിലെ ആദ്യ വെബ് സിരീസുമായി നിവിന്‍ പോളി

പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

nivin pauly to debut in ott with malayalam web series pharma to be helmed by pr arun nsn
Author
First Published Oct 18, 2023, 6:42 PM IST

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ മലയാളത്തില്‍ ഒറിജിനല്‍ പ്രൊഡക്ഷനുകള്‍ ആരംഭിച്ചിട്ട് അധികനാള്‍ ആയിട്ടില്ല. എന്നാല്‍ മുന്‍നിര നായകതാരങ്ങള്‍ അത്തരം പ്രോജക്റ്റുകളില്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. ഇപ്പോഴിതാ അതിനൊരു മാറ്റവുമായി യുവതാരനിരയില്‍ ശ്രദ്ധേയനായ നിവിന്‍ പോളി എത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ വെബ് സിരീസിലാണ് നിവിന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫാര്‍മ എന്ന് പേരിട്ടിരിക്കുന്ന സിരീസ് സംവിധാനം ചെയ്യുന്നത് ഫൈനല്‍സ് എന്ന ചിത്രമൊരുക്കിയ പി ആര്‍ അരുണ്‍ ആണ്.

പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍. അഗ്നിസാക്ഷിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു അദ്ദേഹത്തിന്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് ശ്രീജിത് സാരംഗ്. ചില സര്‍പ്രൈസ് കാസ്റ്റിംഗും സിരീസില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. ഇത് അണിയറക്കാര്‍ വഴിയേ പുറത്തുവിടും. 

ഫാര്‍മയുടെ ഭാഗമാവുന്നതില്‍ ഏറെ ആവേശമുണ്ടെന്നും ഉറപ്പായും പറയേണ്ട കഥയായാണ് തനിക്ക് തോന്നിയതെന്നും പ്രോജക്റ്റിനെക്കുറിച്ച് നിവിന്‍ പോളി പറയുന്നു. അഗ്നിസാക്ഷി പുറത്തിറങ്ങിയതിന്‍റെ 25-ാം വര്‍ഷം മലയാളത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതിന്‍റെ സന്തോഷമാണ് രജിത് കപൂറിന്. നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രോജക്റ്റ് എന്നാണ് ഫാര്‍മയെക്കുറിച്ച് സംവിധായകന്‍റെ പ്രതികരണം. താന്‍ ഹൃദയത്തോട് ഏറെ ചേര്‍ത്തുനിര്‍ത്തുന്ന ഒന്നാണ് ഇതെന്നും പി ആര്‍ അരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളം സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ പുറത്തെത്തിയ ആദ്യ സീസണ് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചിരുന്നത്. 

ALSO READ : 'പൊറിഞ്ചു' ഗ്യാങ് വീണ്ടും, ഒപ്പം കല്യാണി; ജോഷിയുടെ 'ആന്‍റണി' ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios