കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും, ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെ എടുത്ത നിലപാടില്‍ മാറ്റമില്ലെന്നും ഫെഫ്ക. 'ഷെയ്ൻ വിഷയത്തിലെന്നല്ല, സിനിമയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും പ്രശ്‌നപരിഹാരത്തിന് ചർച്ചയ്ക്ക് തയ്യാറാണ്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം തീരുമാനം ഉണ്ടാകും. മോഹൻലാൽ തിരിച്ചെത്തിയ ശേഷമാണ് യോഗം ചേരുക. എല്ലാ സംഘടനകളുടെയും വികാരങ്ങൾ മാനിച്ചായിരിക്കും തീരുമാനം'. ദീർഘകാലടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. 

തന്‍റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്സ്  അസോസിയേഷൻ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും വിലക്ക് നീങ്ങുമെന്ന് കരുതുന്നുവെന്നും ഷെയ്ന്‍ നിഗം നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. മുടങ്ങിയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ തയ്യാറാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നതനുസരിച്ച് ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാമെന്നും പ്രശ്നങ്ങള്‍ എല്ലാം അവസാനഘട്ടത്തിലേക്ക് എത്തുകയാമെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.