Asianet News MalayalamAsianet News Malayalam

Jai Bhim : കൈയില്‍ പാമ്പും എലികളും; സൂര്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഗോത്രവിഭാഗങ്ങളുടെ പ്രകടനം

കാട്ടുനായകന്‍, ഷോളഗ, അടിയാന്‍, കാണിക്കര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ട അന്‍പതോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു

nomadic tribes gather in front of madurai collectorate to thank actor suriya for jai bhim
Author
Thiruvananthapuram, First Published Nov 23, 2021, 5:45 PM IST

നടന്‍ സൂര്യയ്ക്ക് (Suriya) ഐക്യദാര്‍ഢ്യവും നന്ദിയും അറിയിച്ച് തമിഴ്നാട്ടില്‍ ഗോത്രവിഭാഗങ്ങളുടെ പ്രകടനം. ത സെ ജ്ഞാനവേലിന്‍റെ സംവിധാനത്തില്‍ സൂര്യ നായകനായി ഒടിടി റിലീസ് ആയി അടുത്തിടെ പുറത്തെത്തിയ 'ജയ് ഭീം' (Jai Bhim) എന്ന ചിത്രം തങ്ങളുടെ പ്രതിസന്ധികളെ വെളിച്ചത്തുകൊണ്ടുവന്നെന്ന് തമിഴ്നാട് ട്രൈബല്‍ നൊമാഡ്‍സ് ഫെഡറേഷന്‍ പ്രസിഡന്‍റ് എം ആര്‍ മുരുകന്‍ പറഞ്ഞു. സിനിമയെ പ്രതീകവത്‍കരിച്ച് കൈകളില്‍ എലികളെയും പാമ്പുകളെയും വഹിച്ചാണ് മധുരൈ കളക്ടറേറ്റിനു മുന്നില്‍ വിവിധ ഗോത്ര വിഭാഗങ്ങളിലുള്ള അന്‍പതോളം പേര്‍ എത്തിയത്.

കാട്ടുനായകന്‍, ഷോളഗ, അടിയാന്‍, കാണിക്കര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവര്‍ പ്രകടനത്തില്‍ പങ്കെടുത്തു. "ആദിവാസികളുടെ പരിതാപകരമായ ജീവിതസാഹചര്യങ്ങളും അവരുടെ അസ്‍തിത്വവുമൊക്കെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു ജയ് ഭീം എന്ന ചിത്രം. അതിന് സൂര്യയോട് ഞങ്ങള്‍ അതീവ നന്ദിയുള്ളവരാണ്", എം ആര്‍ മുരുകന്‍ പറഞ്ഞു. ചിത്രം തങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വണ്ണിയാര്‍ സമുദായ സംഘടന രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് തമിഴ്നാട്ടിലെ 20 ലക്ഷത്തോളം ആദിവാസികള്‍ സൂര്യയ്ക്കൊപ്പമാണെന്നായിരുന്നു എം ആര്‍ മുരുകന്‍റെ മറുപടി.

ത സെ ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ലീഗല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചന്ദ്രു എന്ന വക്കീല്‍ കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തന്‍റെ ഭര്‍ത്താവിന് നീതിക്കുവേണ്ടി ശ്രമിക്കുന്ന സെങ്കനി എന്ന കഥാപാത്രമായി അഭിനയിച്ച മലയാളി താരം ലിജോമോള്‍ വലിയ കൈയടി നേടിയിരുന്നു. ലിജോമോളുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായാണ് ഈ കഥാപാത്രം വിലയിരുത്തപ്പെട്ടത്. സൂര്യയുടെ തന്നെ നിര്‍മ്മാണ കമ്പനി 2 ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂരറൈ പോട്രിനുശേഷമുള്ള സൂര്യയുടെ ഡയറക്റ്റ് ഒടിടി റിലീസുമായിരുന്നു ചിത്രം. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം രണ്ടിനായിരുന്നു ജയ് ഭീമിന്‍റെ റിലീസ്.

Follow Us:
Download App:
  • android
  • ios