തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന് ഒടിടിയിലെ പ്രതികരണം അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ഫഹദ് ഫാസില്‍, കല്യാണി പ്രിയദർശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിര എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഓണം റിലീസ് ആയി ഓഗസ്റ്റ് 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. സംവിധായകനായും നടനായും പ്രേക്ഷകശ്രദ്ധ നേടിയ അല്‍ത്താഫ് സലിമിന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ഈ ചിത്രത്തിന്മേല്‍ പ്രേക്ഷക പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റിലീസിന് പിന്നാലെ മികച്ച അഭിപ്രായം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. ഒടിടിയില്‍ ആ അഭിപ്രായം മാറുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നെറ്റ്ഫ്ലിക്സില്‍ ചിത്രം കാണാനാവും. 

റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന സിനിമയാണ് ഇത്. അൽത്താഫ് സലിം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയ്യുന്നു.