എസ് പി ബാലസുബ്രഹ്മണ്യത്തിന് ഇന്ന് രാവിലെ ഹൃദയാഘാതം സംഭവിച്ചിരുന്നുവെന്ന് അദ്ദേഹം ചികിത്സയിലിരുന്ന ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ്. മോശമായിരുന്ന ആരോഗ്യസ്ഥിതി വീണ്ടും മോശമാവുന്നതിലേക്ക് നയിച്ചത് ഈ ഹൃദയാഘാതമാണെന്നാണ് വാര്‍ത്താക്കുറിപ്പ് പറയുന്നത്. ശ്വാസതടസ്സം നേരിട്ടതിനു പിന്നാലെ സംഭവിക്കുന്ന ഹൃദയാഘാതമാണ് അദ്ദേഹത്തിന് നേരിട്ടതെന്നും മെഡിക്കല്‍ സര്‍വ്വീസസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ. അനുരാധ ഭാസ്കരന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഓഗസ്റ്റ് 5ന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇത് കൊവിഡ് ന്യുമോണിയയായി രൂപാന്തരം പ്രാപിച്ചതോടെ ഓഗസ്റ്റ് 14ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയുടെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ സൂക്ഷ്‍മ നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്ന അദ്ദേഹത്തിന് ഈ മാസം നാലിന് നടത്തിയ കൊവിഡ് പരിശോധന നെഗറ്റീവ് ആയിരുന്നു.

ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും പാട്ടുകേള്‍ക്കുകയും അടുപ്പമുള്ളവരെ തിരിച്ചറിയുന്നുവെന്നുമൊക്കെ പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അപ്പോഴും വെന്‍റിലേറ്ററില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നില്ല. എസ്‍പിബി തിരിച്ചുവരവിന്‍റെ പാതയിലാണെന്ന തോന്നലുളവാക്കിയ രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഇന്നലെ വൈകിട്ട് എംജിഎം ആശുപത്രിയുടെ പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ എത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും പരമാവധി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് കഴിയുന്നതെന്നുമായിരുന്നു ബുള്ളറ്റിനില്‍. ഇന്ന് ഉച്ചയ്ക്ക് 1:04നാണ് മരണം.