രു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടെന്ന് അറിഞ്ഞാല്‍ തന്നെ ആവേശം കൊള്ളുമായിരുന്നു ആ തലമുറ. ഇപ്പോഴിതാ ഒമർ ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഈ അവസരത്തിൽ ഒമർ ലുലു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റിണിയെ വച്ച് പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നെങ്കിൽ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ എന്നാണ് ഒമർ പറയുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു സംവിധായകന്റെ പരാമർശം. 

‘ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റണി ചേട്ടനെ വെച്ച് അത്യാവശ്യം നല്ല ബഡ്ജറ്റിൽ പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നു എങ്കിൽ പാൻ ഇന്ത്യയല്ലാ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ നിന്ന്‘, എന്നായിരുന്നു ഒമർ ലുലുവിന്റെ കുറിപ്പ്. 

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പവര്‍ സ്റ്റാര്‍'. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona