കുഞ്ചാക്കോ ബോബൻ വ്യത്യസ്തമായ വേഷത്തിലെത്തുന്ന 'ഒറ്റ്' ഓണത്തിനാണ് തീയേറ്റുകളിലെത്തിയത്. അരവിന്ദ് സ്വാമി, ജാക്ക് ഷ്റോഫ് തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയുടെ രണ്ട് ഭാ​ഗങ്ങൾ കൂടെ വരാനുണ്ട്. സംവിധായകൻ ടി.പി ഫെല്ലിനി സംസാരിക്കുന്നു.

ഒറ്റ് സിനിമയുടെ പ്രേക്ഷക പ്രതികരണങ്ങൾ എങ്ങനെയാണ്, ഇതുവരെയുള്ള പ്രകടനത്തിൽ സംതൃപ്തിയുണ്ടോ?

തീർച്ചയായും. ആളുകൾ പറഞ്ഞറിഞ്ഞാണ് കൂടുതൽ പ്രേക്ഷകർ സിനിമ കാണാൻ കയറുന്നത്. നല്ല ഫീഡ്ബാക്ക് ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഒരു സ്റ്റൈലിഷ് സിനിമ എന്നാണ് 'ഒറ്റ്' പലരും വിലയിരുത്തുന്നത്. കഥയെക്കാൾ വലിപ്പമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന ഈ രീതി സ്വാഭാവികമാണോ?

ഇതൊരിക്കലും ഒരു സ്റ്റൈലിഷ് സിനിമ എന്ന് ഞാൻ പറയില്ല. 'ഒറ്റി'ലെ കഥാപാത്രങ്ങൾ വളരെ മിനിമലാണ്. ഈ കഥയ്ക്ക് അനുസരിച്ചുള്ള കഥാപാത്രങ്ങളെ മാത്രമേ ഉപയോ​ഗിച്ചിട്ടുള്ളൂ. ഇത് കേരളത്തിലോ തമിഴ്നാട്ടിലോ ഒന്നും നടക്കാത്ത ഒരു കഥയാണ്. അതുകൊണ്ട് അത് വച്ചിട്ടാണ് നരേറ്റീവും സ്പേസും എല്ലാം സൃഷ്ടിച്ചത്.

ഒറ്റ് സിനിമയുടെ രണ്ടാം ഭാഗം ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ഇനിയൊരു പ്രീക്വലിനുള്ള സാധ്യതയുണ്ടെന്ന് വ്യക്തം. എന്താണ് ഈ മൂവി ഫ്രാഞ്ചൈസിൽ നിന്ന് പ്രതീക്ഷിക്കേണ്ടത്? എത്രഭാഗങ്ങളാണ് ഇനിയുള്ളത്?

അതേ. ഇതൊരു സെക്കൻഡ് പാർട്ട് ആണ്. ഇതിന്റെ പ്രീക്വലും സീക്വലും ആണ് പ്ലാൻ ചെയ്യുന്നത്. പക്ഷേ, ഇപ്പോൾ മറ്റു ഭാ​ഗങ്ങളെക്കുറിച്ച് തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. പ്ലാനിങ് സ്റ്റേജിലാണ് ഇപ്പോഴുള്ളത്. വരും ദിവസങ്ങളിൽ ഇതിന്റെ എക്സിക്യൂഷനെക്കുറിച്ച് തീരുമാനിക്കും.

'ഒറ്റ്' കണ്ട അധികംപേരും ട്വിസ്റ്റുകളെക്കുറിച്ചാണ് പറയുന്നത്. ഈ ചിത്രത്തിന്റെ നിലനിൽപ്പ് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഇത്തരം അപ്രതീക്ഷിത ട്വിസ്റ്റുകളിലാണോ? എത്രമാത്രം ശ്രമകരമായിരുന്നു ഈ ട്വിസ്റ്റുകൾ സാധ്യമാക്കാൻ?

ട്വിസ്റ്റുകൾ പെട്ടന്ന് തലയ്ക്ക് അടിക്കുന്ന രീതിയിലാണ് എഴുതിയത്. കഥ കേട്ടപ്പോഴേ എനിക്ക് അത് തോന്നിയിരുന്നു. സിനിമയുടെ വലിയൊരു ഇൻട്രസ്റ്റിങ് എലമെന്റ് കൂടെയാണ് ഈ ട്വിസ്റ്റുകൾ. പക്ഷേ, അതാണ് കഥയെ പിടിച്ചു നിറുത്തുന്നത് എന്ന് ഞാൻ പറയില്ല. ട്വിസ്റ്റ് വർക്കാകണമെങ്കിൽ അതിന് മുൻപത്തെ കാര്യങ്ങളും വർക്ക് ആകണം.

ഏകദേശം 26 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത ഒറ്റ് സിനിമയ്ക്കുണ്ട്. ജാക് ഷ്റോഫ് ഉണ്ട് എങ്ങനെയാണ് ഈ കാസ്റ്റിങ്ങിലേക്ക് എത്തിയത്?

അരവിന്ദ് സ്വാമി 26 വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ അഭിനയിക്കുന്നത്. ഈ കഥയെഴുതുമ്പോൾ തന്നെ അതുപോലെ ഉള്ള സ്ക്രീൻ പ്രസൻസ് ഉള്ള ഒരാൾ വേണം എന്നതായിരുന്നു ആ​ഗ്രഹം. ഒരു സുഹൃത്ത് വഴിയാണ് അരവിന്ദ് സ്വാമിയെ കണ്ടത്. വളരെ പെട്ടന്നാണ് ഇതെല്ലാം സംഭവിച്ചത്. ജാക്ക് ഷ്റോഫിനെ അഭിനയിപ്പിച്ചതും അങ്ങനെയാണ്. ഒരു 'ലാർജർ ദാൻ ലൈഫ്' റോൾ ആണിത്. ആ ഒരു ഫീൽ തോന്നിക്കുന്ന ഒരാൾ വേണം എന്നതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിച്ചത്.

കുഞ്ചാക്കോ ബോബൻ നിരന്തരം വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്ന സാഹചര്യമാണല്ലോ ഇപ്പോൾ മലയാളത്തിൽ. പല റോളുകളും വളരെയധികം ഇംപാക്റ്റ് ഉണ്ടാക്കുകയും ചെയ്തു. ഈ വേഷം കുഞ്ചാക്കോ ബോബന് വേണ്ടിയാണോ എഴുതിയത്?

ഇത് കുഞ്ചാക്കോ ബോബന് വേണ്ടി എഴുതിയ കഥാപാത്രമല്ല. എഴുതിക്കഴിഞ്ഞ് എന്റെ മനസ്സിൽ കുറച്ച് ഓപ്ഷനുകൾ ഉണ്ടായിരുന്നു. പിന്നെ ഇത് ഒന്നിലധികം താരങ്ങൾ അഭിനയിക്കുന്ന സിനിമയാണല്ലോ, അതിന്റെതായ ലോജിസ്റ്റിക്കൽ പ്രശനങ്ങളുണ്ട്. പിന്നെ ഞങ്ങൾ വിചാരിച്ചു, കുഞ്ചാക്കോ ബോബൻ ചെയ്താൽ ഇത് അടിപൊളിയായിരിക്കും. ഇതുപോലൊരു കഥാപാത്രം കുഞ്ചാക്കോ ബോബൻ ചെയ്തിട്ടില്ല. അദ്ദേഹത്തിൽ നിന്ന് ഇങ്ങനൊരു വേഷം ആരും പ്രതീക്ഷിക്കുകയുമില്ല. അതുകൊണ്ടാണ് പ്രധാനമായും കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുത്തത്.