'അയോധ്യയുടെ കഥ' സിനിമയാക്കാന്‍ മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ പഹ്‍ലാജ് നിഹലാനി. 'അയോധ്യ കി കഥ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ വില്ലേന്തി നില്‍ക്കുന്ന ശ്രീരാമന്‍റെ ചിത്രീകരണമാണുള്ളത്. താരങ്ങളെയോ മറ്റു സാങ്കേതികപ്രവര്‍ത്തകരെയോ പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രം ബഹുഭാഷാ ചിത്രം ആയിരിക്കും. മള്‍ട്ടിസ്റ്റാര്‍ ചിത്രം സംവിധാനം ചെയ്യുന്നത് നിഹലാനിയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.

നവംബര്‍ 21ന് ചിത്രീകരണം ആരംഭിച്ച് 2021 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ കണക്കുകൂട്ടല്‍. അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടതിനു പിറ്റേന്നാണ് നിഹലാനി അയോധ്യയുടെ കഥ എന്ന സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. 

പഹ്‍ലാജ് നിഹലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരുന്ന കാലത്ത് ബോര്‍ഡിന്‍റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഉഡ്‍താ പഞ്ചാബ്, ബോംബെ വെല്‍വറ്റ്, എന്‍എച്ച് 10, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ തുടങ്ങി അക്കാലത്ത് നിരവധി ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച സെന്‍സറിംഗ് പല കോണുകളില്‍ നിന്നും വിമര്‍ശിക്കപ്പെട്ടിരുന്നു. 2017 ഓഗസ്റ്റിലാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷസ്ഥാനത്തുനിന്ന് നിഹലാനി പുറത്താക്കപ്പെടുന്നത്. 1982 മുതല്‍ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ നിര്‍മ്മാതാവും വിതരണക്കാരനുമാണ് അദ്ദേഹം. ഗോവിന്ദ ഡബിള്‍ റോളിലെത്തിയ 'രംഗീല രാജ' (2019)യാണ് നിഹലാനി സംവിധാനം ചെയ്ത ചിത്രം. എന്നാല്‍ ഇത് ബോക്സ് ഓഫീസില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമല്ല.