ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം

ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ പണി ജര്‍മനിയിലെ സ്റ്റുട്‍ഗാട്ടില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. ജൂലൈ 25 നാണ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക. പ്രേക്ഷകപ്രീതി നേടിയ ചിത്രം ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു. സംവിധാനത്തിന് പുറമെ ചിത്രത്തില്‍ നായകവേഷത്തില്‍ എത്തിയതും ജോജു ആയിരുന്നു. ഒപ്പം മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായി സാഗര്‍ സൂര്യയും ജുനൈസ് വി പിയും കൈയടി നേടിയിരുന്നു.

ഒക്ടോബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ മലയാളം റിലീസ്. പിന്നാലെ തമിഴ് പതിപ്പ് നവംബര്‍ 22 നും കന്നഡ പതിപ്പ് നവംബര്‍ 29 നും റിലീസ് ചെയ്യപ്പെട്ടിരുന്നു. ഡിസംബര്‍ 13 ന് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും പുറത്തെത്തി.

അഭിനയ നായികയായ ചിത്രത്തില്‍ ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. സാഗറും ജുനൈസും 'പണി'യിൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയത്. മലയാളം ഇതുവരെ കാണാത്ത രീതിയിലുള്ള പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇരുവരും. ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അതേസമയം ടൊവിനോ തോമസ് നായകനായ എആര്‍എം എന്ന ചിത്രവും സ്റ്റുട്‍ഗാട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News