ഇന്ത്യയുടെ ബാഡ്‍മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിത കഥ പ്രമേയമാകുന്ന സിനിമ വരുന്നു. പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈന നെഹ്‍വാളായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.  സൈന നെഹ്‍വാളാകാനുള്ള കടുത്ത പരിശ്രമത്തിലാണ് പരിനീതി ചോപ്ര. ബാഡ്‍മിന്റണ്‍ കോര്‍ട്ടില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് പരിനീതി ചോപ്ര ഷെയര്‍ ചെയ്‍തിരിക്കുന്നത്.

സൈന നെഹ്‍വാളായി അഭിനയിക്കാൻ പരിനീതി ചോപ്ര ബാഡ്‍മിന്റണ്‍ പരിശീലനം നടത്തുന്നുണ്ട്. അതിന്റെ ഫോട്ടോയാണ് പരിനീതി ചോപ്ര ഷെയര്‍ ചെയ്‍തത്. കിടിലൻ എന്ന് മറുപടിയുമായി സൈന നെഹ്‍വാളും രംഗത്ത് എത്തി.  അതേസമയം മാനവ് കൌള്‍ ആയിരിക്കും ചിത്രത്തില്‍ സൈന നെഹ്‍വാളിന്റെ കഥാപാത്രത്തിന്റെ പരിശീലകനായി അഭിനയിക്കുക. പുല്ലേല ഗോപിചന്ദ് ആണ് സൈന നെഹ്‍വാളിന്റെ യഥാര്‍ഥ പരിശീലകൻ.

ശ്രദ്ധ കപൂറാണ് നായികയാകുകയെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു

അതേസമയം പരിനീതി ചോപ്ര ബാഡ്‍മിന്റണ്‍ പരിശീലിക്കുന്ന തിരക്കിലാണ്. രാവിലെ ആറ് മുതല്‍ എട്ട് വരെയാണ് പരിനീതി പരിശീലനം നടത്തുന്നത്.  സൈന നെഹ്‍വാളായി അഭിനയിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് താനെന്ന് നേരത്തെ പരിനീതി ചോപ്ര പറഞ്ഞിരുന്നു. ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെക്കാളും യഥാര്‍ഥ ജീവിതം സിനിമയില്‍ എത്തിക്കുന്നത് ആവേശകരമാണ്. സൈനയുടെ ജീവിതം അതേപടി സിനിമയില്‍ എത്തിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതുമാണ്. അവര്‍ കളിക്കുന്ന രീതി അതേപോലെ ചെയ്യാൻ ഒരുപാട് പരിശീലനം ആവശ്യമാണ്. പൂര്‍ണമായ ഒരു ജീവചരിത്ര സിനിമയായിരിക്കണം അതെന്ന് എനിക്ക് നിര്‍ബന്ധവുമുണ്ട്- പരിനീതി ചോപ്ര പറയുന്നു. തുമാരി സുലുവില്‍ വിദ്യാ ബാലന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പരിശീലകനായി അഭിനയിക്കുന്ന മാനവ് കൌള്‍.

അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.