അന്തരിച്ച ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെ അനുസ്‍മരിച്ച് നടി പാര്‍വ്വതി തിരുവോത്ത്. ബോളിവുഡില്‍ പാര്‍വ്വതിയുടെ അരങ്ങേറ്റ ചിത്രമായിരുന്ന ഖരീബ് ഖരീബ് സിംഗിളില്‍ (2017) ഇര്‍ഫാന്‍ ഖാന്‍ ആയിരുന്നു നായകന്‍. ചിത്രത്തിന്‍റെ ആദ്യ റീഡിംഗ് സെഷനില്‍ ഇര്‍ഫാനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തിന്‍റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പാര്‍വ്വതി പങ്കുവച്ചിട്ടുണ്ട്.

"ഇര്‍ഫാനെ ആദ്യമായി കണ്ടുമുട്ടിയ ദിവസം ഓര്‍ക്കുന്നു. ഖരീബ് ഖരീബ് സിംഗിളിന്‍റെ ആദ്യ റീഡിംഗ് സെഷനുവേണ്ടിയായിരുന്നു അത്. അത് അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനവുമായിരുന്നു. ടീം അദ്ദേഹത്തിന് അന്നൊരു കേക്കും സമ്മാനിച്ചിരുന്നു", ചിത്രത്തിനൊപ്പം പാര്‍വ്വതി കുറിച്ചു.

"മുറിവില്‍ നിന്ന് ലോകങ്ങള്‍ തന്നെ സൃഷ്ടിച്ച, എപ്പോഴും ജിജ്ഞാസ കാത്തുസൂക്ഷിച്ച ആ കലാഹൃദയത്തിന്, അത്തരം സൃഷ്ടികളുടെ ആനന്ദത്തില്‍ എല്ലായ്പ്പോഴും സഹപ്രവര്‍ത്തകരെക്കൂടി കൂടെക്കൂട്ടിയതിന്, തികച്ചും മാനുഷികമായ തെറ്റുകളും അതേപോലെ ഉദാരതയും സൂക്ഷിച്ചതിന്, ഇതൊരു തുടക്കം മാത്രമാണെന്ന് എപ്പോഴും എല്ലായ്പ്പോഴും വിശ്വസിച്ചതിന്, നിങ്ങളെ എപ്പോഴും ഓര്‍ക്കും ഇര്‍ഫാന്‍", പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

ഇന്ന് ഉച്ചയോടെയായിരുന്നു ബോളിവുഡിലെ മികച്ച സ്വഭാവ നടന്മാരില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാന്‍റെ പൊടുന്നനെയുള്ള വിയോഗം. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഞെട്ടലോടെയാണ് തങ്ങളും പ്രിയനടന്‍റെ വിയോഗ വാര്‍ത്ത സ്വീകരിച്ചത്. ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാ മേഖലയിലെ മിക്ക താരങ്ങളും ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികളുമായി എത്തിയിരുന്നു.