അഭിനയത്തോടൊപ്പം സംവിധാനത്തിലും നിർമ്മാണത്തിലും തിളങ്ങിയ നിരവധി താരങ്ങള്‍ മലയാള സിനിമയിലുണ്ട്. പൃഥ്വിരാജ്, മോഹന്‍ലാല്‍, സലിം കുമാർ എന്നിവർ ആ നിരയിലുള്ളവരാണ്. അത്തരത്തില്‍ തെന്നിന്ത്യയിലും ബോളിവുഡിലുമടക്കം തന്റെ വേറിട്ട അഭിനയംകൊണ്ട് ശ്രദ്ധനേടിയ നടി പാർവതി തിരുവോത്തും സംവിധാനത്തിലേക്ക് കടക്കുകയാണ്. ഈ വർഷം അവസാനത്തോടെ തന്നെ സംവിധായക വേഷത്തിൽ  കാണാൻ കഴിയുമെന്ന് പാർവതി ദ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

നിലവിൽ ഏറ്റെടുത്ത പ്രൊജക്റ്റുകൾ പൂർത്തിയാക്കി, ചില യാത്രകളും കഴിഞ്ഞ് 2020 നവംബർ-ഡിസംബർ മാസത്തോടെ സംവിധാനത്തിലേക്ക് ശ്രദ്ധ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2012 ല്‍ ചിത്രീകരണം തുടങ്ങുമെന്നും സിനിമയുടെ ആ മേഖലയിലേക്ക്  കടക്കുന്നതില്‍ താന്‍ വളരെ ആവേശത്തിലാണെന്നും പാർവ്വതി പറഞ്ഞു.

നിലവില്‍ രണ്ടു തിരക്കഥ തന്റെ കയ്യിലുണ്ട്. ഇതില്‍ ഒന്ന് ശക്തമായ രാഷ്ട്രീയം പശ്ചാത്തലമുള്ള കഥയാണ്. രണ്ടാമതൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. രണ്ട് തിരക്കഥയിലും കുറച്ച് ഗവേഷണം നടത്താനുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 
 
ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന ‘രാച്ചിയമ്മ’ എന്ന ചിത്രത്തിലാണ് പാർവതി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ‘മുന്നറിയിപ്പ്’, ‘കാർബൺ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് രാച്ചിയമ്മ. സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ് കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ പാർവതിയും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി കെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഉയരെ’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും പാർവതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രാച്ചിയമ്മ. പീരുമേടാണ് ‘രാച്ചിയമ്മ’യുടെ പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായതായി പാർവതി പറഞ്ഞു.