കിം ജോങ് ഉന്നിന്‍റെ പിതാവും മുന്‍ ഉത്തര കൊറിയന്‍ ഭരണാധികാരിയുമായ കിം ജോങ് ഇല്‍ വലിയ സിനിമാപ്രേമിയായിരുന്നു. 'ഓണ്‍ ദി ആര്‍ട്ട് ഓഫ് സിനിമ' എന്ന പേരില്‍ സിനിമയെക്കുറിച്ച് ഒരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്, 1973ല്‍. ഈ പുസ്തകം ഈയിടെ തനിക്ക് സമ്മാനമായി ലഭിച്ച കാര്യം പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍ ഷ്രേഡര്‍. മറ്റാരുമല്ല തന്‍റെ സുഹൃത്തും പ്രശസ്ത സംവിധായകനുമായ മാര്‍ട്ടിന്‍ സ്കോര്‍സെസെയാണ് കിം ജോങിന്‍റെ പുസ്തകം സുഹൃത്തിന് അയച്ചുകൊടുത്തത്.

സ്കോര്‍സെസെ ഈ പുസ്തകം തനിക്ക് അയച്ചുതന്നതിന്‍റെ കാരണം അറിയില്ലെന്ന് പോള്‍ ഷ്രേഡര്‍ നര്‍മ്മഭാവത്തില്‍ കുറിക്കുന്നു. "കിം ജോങ് ബോങ്കേഴ്സ് എന്നുകൂടി അറിയപ്പെട്ടിരുന്ന, ഉത്തര കൊറിയയുടെ സുപ്രീം ലീഡര്‍ ആയിരുന്ന കിം ജോങ് ഇല്‍ എഴുതിയ ഓണ്‍ ദി ആര്‍ട്ട് ഓഫ് സിനിമ എന്ന പുസ്തകം സ്കോര്‍സെസെ എനിക്ക് അയച്ചുതന്നിരിക്കുന്നു (അത് എന്തിനെന്ന് എനിക്കറിയില്ല!). ഒരു കലാസൃഷ്ടിയെ മാസ്റ്റര്‍പീസ് ആക്കിമാറ്റുന്നത് രൂപമല്ല ഉള്ളടക്കമാണെന്നൊക്കെ പുസ്തകത്തിലുണ്ട്. പക്ഷേ ലോകമാകെയുള്ള ഫിലിം കോഴ്സുകളിലുള്ളതില്‍ നിന്ന് വേറിട്ട എന്തെങ്കിലും പാഠം ഈ പുസ്തകത്തിലുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു", ഷ്രേഡര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ പ്രശസ്ത ചിത്രങ്ങളായ ടാക്സി ഡ്രൈവര്‍, റേജിംഗ് ബുള്‍, ദി ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്, ബ്രിംഗിംഗ് ഔട്ട് ദി ഡെഡ് എന്നീ സിനിമകളുടെ രചയിതാവാണ് പോള്‍ ഷ്രേഡര്‍. 1978ല്‍ 'ബ്ലൂ കോളര്‍' എന്ന ചിത്രത്തിലൂടെ സംവിധായകനായ അദ്ദേഹം ഇരുപതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദി കാര്‍ഡ് കൗണ്ടര്‍ എന്ന ഏറ്റവും പുതിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 

അതേസമയം ദക്ഷിണ കൊറിയന്‍ ചിത്രങ്ങള്‍ ലോകമെങ്ങുമുള്ള ചലച്ചിത്രോത്സവങ്ങളിലൂടെ ജനപ്രീതി നേടിയവയാണെങ്കില്‍ ഉത്തര കൊറിയന്‍ സിനിമാ മേഖല വിഭിന്നമാണ്. തങ്ങളുടെ പ്രത്യയശാസ്ത്രം ജനങ്ങളിലെത്തിക്കാനുള്ള പ്രചരണായുധയായാണ് കിം ജോങ് ഇല്‍ ഉള്‍പ്പെടെയുള്ളവര്‍ സിനിമയെ നോക്കിക്കണ്ടത്. എന്നാല്‍ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകള്‍ ലക്ഷ്യമാക്കിയുള്ള ഇന്‍ഡിപ്പെന്‍ഡന്‍ഡ് സിനിമകളും ഉത്തര കൊറിയയില്‍ നിന്ന് എണ്ണത്തില്‍ കുറവായാലും പുറത്തുവരാറുണ്ട്. ഉത്തര കൊറിയന്‍-ദക്ഷിണ കൊറിയന്‍ സഹനിര്‍മ്മാണ സംരംഭങ്ങളും അപൂര്‍വ്വമായി സംഭവിക്കാറുണ്ട്.