മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നടൻ ശ്രീനിഷും നടിയും അവതാരകയുമായ പേളി മാണിയും. ജീവിതത്തിലെ മനോഹരമായ ഒരു കാര്യം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പേളി മാണി."

ഞങ്ങള്‍ പ്രൊപോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍  നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ് എന്ന് പറഞ്ഞ് ആണ് പേളി മാണി ഒരു വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അടുത്തിടെ പേളിയും ശ്രീനിഷും വിവാഹ വാര്‍ഷികം ആഘോഷിച്ചപ്പോള്‍ എഴുതിയ ഫോട്ടോയും ക്യാപ്ഷ‍നും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഏതൊരു പ്രവര്‍ത്തനത്തിനും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാകും എന്ന് തമാശയായി എഴുതിക്കൊണ്ടാണ് പേളി മാണി കേക്ക് ഭര്‍ത്താവിന്റെ മുഖത്ത് തേക്കുന്നതിന്റെ ഫോട്ടോ പങ്കുവെച്ചത്. പേളിയുടെ മുഖത്ത് ശ്രീനിഷും കേക്ക് തേക്കുന്നുണ്ട്. ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. ഞങ്ങൾ വിവാഹിതരായി ഒരു വർഷമായി എന്ന് മനസിലായപ്പോൾ ഞങ്ങളുടെ യഥാർത്ഥ പ്രതികരണം എന്ന് പറഞ്ഞ് മറ്റൊരു ഫോട്ടോയും പേളി മാണി പങ്കുവച്ചിട്ടുണ്ട്. എല്ലാം ഇന്നലത്തെപ്പോലെ തോന്നുന്നുവെന്നാണ് പേളി പറയുന്നത്.  

പേളിയുടെയും തന്റെയും ആത്മാവ് ഒന്നെന്നാണ് ശ്രീനിഷ് പറഞ്ഞിരുന്നത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും പങ്കുവച്ചു.

മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് ഷോയിലെ മത്സാര്‍ഥികളായിരുന്നു പേളി മാണിയും ശ്രീനിഷും. അവതാരകയായും നടിയായും ശ്രദ്ധേയയായ പേളി മാണിയും സീരിയല്‍ നടൻ ശ്രീനിഷും ഷോ മുന്നേറവെ പ്രണയത്തിലാകുകയും ചെയ്‍തു. ആഘോഷിക്കപ്പെട്ട ഒരു പ്രണയമായി മാറുകയും ചെയ്‍തു.

എന്നാല്‍ ഷോയ്‍ക്ക് വേണ്ടിയുള്ള പ്രണയമാണോ ഇതെന്ന് പോലും ഒപ്പമുണ്ടായ മത്സരാര്‍ഥികളും പ്രേക്ഷകരും സംശയമുന്നയിച്ചു. ആ സംശയങ്ങള്‍ക്ക് എല്ലാം മറുപടിയെന്നോണം 2019 ജനുവരിയില്‍ വിവാഹനിശ്ചയം നടന്നു.

മെയ് അഞ്ച്, എട്ട് തിയ്യതികളില്‍ വിവാഹം നടന്നു. ഹിന്ദു, ക്രിസ്‍ത്യൻ ആചാരങ്ങള്‍ പ്രകാരം രണ്ട് തവണയായിട്ടായിരുന്നു വിവാഹം.