'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയത് ഒന്നും രണ്ടും താരങ്ങളല്ല, ഒരു കുടുംബം തന്നെയാണ്. അക്കൂട്ടത്തില്‍ പരമ്പര കാണാത്തവരുടെ പോലും ഇഷ്ട കഥാപാത്രമാണ് കുരുന്നു താരമായ പാറുക്കുട്ടി. പരമ്പരയിലെ നീലുവും അഞ്ചു മക്കളും പിന്നെ ബിജു സോപാനം കൈകാര്യം ചെയ്യുന്ന ബാലുവെന്ന കഥാപാത്രവുമാണ് പ്രധാനമായും പരമ്പരയിലെ താരങ്ങള്‍. നിഷ സാരംഗാണ് നീലുവിനെ അവതരിപ്പിക്കുന്നത്. ഋഷി സാരംഗ് മുടിയനും, അല്‍സാബിത്ത് കേശുവും, ശിവാനി സ്വന്തം പേരിലുമാണ് പരമ്പരയില്‍ എത്തുന്നത്.

പരമ്പരയിലെ ചില പ്രധാന കഥാപാത്രങ്ങള്‍ ഇപ്പോള്‍ ദുബായിലേക്ക് പോയിരിക്കുകയാണെന്നാണ് ഫാന്‍ ഗ്രൂപ്പുകളിലെ ചര്‍ച്ച, നീലുവും മുടിയനും കേശുവും പിന്നെ പാറുക്കുട്ടിയെന്ന ബേബി ആമേയയുമാണ് അബുദാബിയില്‍ നടക്കുന്ന മ്യൂസിക്കല്‍ ഷോയില്‍ പങ്കെടുക്കാനായി പോയിരിക്കുന്നതെന്നാണ് ഫാന്‍ ഗ്രൂപ്പുകളിലെ വാര്‍ത്ത. വിദേശത്തേക്കുള്ള യാത്രയില്‍ ബാലുവില്ലെന്നാണ് ചിത്രങ്ങളിലെ സൂചന. നമ്മുടെ പാറുക്കുട്ടിയുടെ ആദ്യത്തെ വിദേശ യാത്രയാണെന്നു ആദ്യമായാണ് ഫ്ലൈറ്റില്‍ കയറുന്നതെന്നുമാണ് വാര്‍ത്ത.

Read More: മീര വാസുദേവിന് പിന്നാലെ പുതിയ സര്‍പ്രൈസുമായി 'കുടുംബവിളക്ക്'

ഏതോ വിമാനയാത്രയുടെ ദൃശ്യങ്ങളാണെന്ന് വ്യക്തമാണെങ്കിലും എല്ലാവരും ചേര്‍ന്ന് എങ്ങോട്ടാണെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണവുമില്ല. ഫാന്‍ ഗ്രൂപ്പുകളുടെ വിവരങ്ങള്‍ പ്രകാരം ഇതിനോടകം തന്നെ ചിത്രങ്ങളും  വിശേഷങ്ങളും വൈറലായിക്കഴിഞ്ഞു. എയര്‍പോര്‍ട്ടില്‍ നിലത്ത് കുത്തിയിരിക്കുന്ന മുടിയന്‍ മടിയിലിരിക്കുന്ന പാറുക്കുട്ടി, അക്വേറിയത്തിലെ മീനുകളെ കാണുന്ന പാറുക്കുട്ടി, എയര്‍പോര്‍ട്ടില്‍ നിലത്തുകൂടി നടന്നു വരുന്ന പാറുക്കുട്ടി എന്നിങ്ങനെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ കാണുന്നത് പ്രകാരം വിമാനയാത്രയില്‍ പരമ്പരയിലെ കുടുംബത്തോടൊപ്പം സ്വന്തം അമ്മ ഗംഗാ ലക്ഷ്മിയും  പാറുക്കുട്ടിക്കൊപ്പമുണ്ട്.