തിരുവനന്തപുരം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശിൽപിയാണ് ഡെന്നിസ് ജോസഫെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.  പ്രേക്ഷകമനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകൾ അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തിൽ വിസ്മയം തീർത്ത വ്യക്തിയായിരുന്നു.

ചലച്ചിത്ര കലയെ ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തിൽ നിന്നും ഉണ്ടായത്. ഡെന്നിസിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹൃദയാഘാതത്തെത്തുടർന്നായിരുന്നു തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരുക്കിയ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. എൺപതുകളിലെ ഹിറ്റ് മേക്കർ. നിറക്കൂട്ട്, രാജാവിന്‍റെ മകൻ, കോട്ടയം കുഞ്ഞച്ചൻ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ താരനിരയുടെ തലവര മാറ്റിയെഴുതിയ തിരക്കഥകളാണ് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നത്.

ആകാശദൂത്, നമ്പർ 20 മദ്രാസ് മെയിൽ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫാണ്. 45 സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. ജോഷി, തമ്പി കണ്ണന്താനം എന്നിവർക്കൊപ്പം ഒട്ടേറെ ഹിറ്റുകൾ ഒരുക്കി അദ്ദേഹം. കെ ജി ജോർജ്, ടി എസ് സുരേഷ് ബാബു, സിബി മലയിൽ, ഹരിഹരൻ എന്നിവർക്കായും സിനിമകൾ എഴുതി.

നടനെന്ന നിലയിൽ തന്റെ സിനിമാ ജീവിതത്തിൽ ഒരുപാട് സഹായിച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതാണെന്നും അപ്രതീക്ഷിത വിടവാങ്ങൽ അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും നടൻ മോഹൻലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

'ഈ വിയോഗം വല്ലാതെ സങ്കടപ്പെടുത്തുന്നു'; ഡെന്നിസ് ജോസഫിന് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി

'വിശ്വസിക്കാൻ കഴിയുന്നില്ല, അപ്രതീക്ഷിത വിടവാങ്ങൽ'; ഡെന്നിസ് ജോസഫിനെ അനുസ്മരിച്ച് മോഹൻലാലും സുരേഷ് ഗോപി

അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ അംഗീകരിക്കാൻ സാധിക്കുന്നില്ലെന്ന് നടൻ സുരേഷ് ഗോപിയും അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്ന് മമ്മൂട്ടിയും അനുസ്മരിച്ചു. വളർച്ചയിലും തളർച്ചയിലും എന്‍റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.