സര്‍സമീനിന്‍റെ പ്രൊമോഷന്‍റെ ഭാ​ഗമായി ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങള്‍ എന്ന രീതിയിലാണ് ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ വരാനിരിക്കുന്ന മൂന്നാം ചിത്രത്തെക്കുറിച്ച് സംവിധായകനായ പൃഥ്വിരാജ് പറയാത്തത് അദ്ദേഹത്തിന്‍റെ വാക്കുകളായി പ്രചരിപ്പിക്കുന്നുവെന്ന വിമര്‍ശനവുമായി താരത്തിന്‍റെ ഒഫിഷ്യല്‍ ഫാന്‍സ് ഗ്രൂപ്പ് ആയ പൊഫാക്ഷ്യോ (Poffactio). പൃഥ്വിരാജിന്‍റേതെന്ന പേരില്‍ തെറ്റായ കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം നല്‍കിയിട്ടുള്ള പുതിയ അഭിമുഖങ്ങളില്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ നിറയുന്നതെന്നും പൊഫാക്ഷ്യോ വിമര്‍ശിക്കുന്നു. ചില മാധ്യമ വാര്‍ത്തകളുടെ സോഷ്യല്‍ മീഡിയ ഷെയറുകളുടെ സ്ക്രീന്‍ ഷോട്ടിനൊപ്പമാണ് പൊഫാക്ഷ്യോയുടെ വിമര്‍ശനം.

ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നും അണ്ടര്‍ വാട്ടര്‍ ആക്ഷന്‍ സീക്വന്‍സുകളടക്കം ഉള്ള ചിത്രമായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താന്‍ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച പുതിയ ഹിന്ദി ചിത്രം സര്‍സമീനിന്‍റെ പ്രൊമോഷന്‍റെ ഭാ​ഗമായി ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങള്‍ എന്ന രീതിയിലാണ് ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ പ്രസ്തുത അഭിമുഖങ്ങളില്‍ പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് പൊഫാക്ഷ്യോ അറിയിക്കുന്നു. “പൃഥ്വിരാജിന് എതിരായ വിദ്വേഷ പ്രചരണത്തിന്‍റെ ഭാ​ഗമായി സോഷ്യല്‍ മീഡിയയിലെ ഒരു വ്യാജ ഐഡിയില്‍ നിന്ന് ആരംഭിച്ചതാണ് അദ്ദേഹത്തിന്‍റെ പേരില്‍ എല്‍ 3 നെക്കുറിച്ചുള്ള വ്യാജ പ്രചരണം”. തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍ അത് പുനപരിശോധിക്കണമെന്നും തിരുത്തണമെന്നും പൊഫാക്ഷ്യോ അഭ്യര്‍ഥിക്കുന്നു.

Scroll to load tweet…

ലൂസിഫര്‍ മൂന്നാം ഭാ​ഗത്തിന് മുന്‍പ് മറ്റൊരു ചിത്രം സംവിധാനം ചെയ്യണമെന്നാണ് തന്‍റെ ആ​ഗ്രഹമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സര്‍സമീനിന്‍റെ പ്രചരണാര്‍ഥം നയന്‍ദീപ് രക്ഷിത് എന്ന യുട്യൂബര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. "അങ്ങനെയാണ് ഞാന്‍ സാധാരണ ചെയ്യാറ്. ഒരേ ഫ്രാഞ്ചൈസി ചിത്രങ്ങള്‍ തുടരെ ചെയ്യണമെന്നില്ല എനിക്ക്. അടുത്ത ചിത്രത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്”, പൃഥ്വിരാജ് പറഞ്ഞിരുന്നു.

അതേസമയം ഡയറക്റ്റ് ഒടിടി റിലീസ് ആയി ഏതാനും ദിവസം മുന്‍പാണ് സര്‍സമീന്‍ എത്തിയത്. കജോളും ഇബ്രാഹിം അലി ഖാനുമാണ് പൃഥ്വിരാജിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൈനികോദ്യോഗസ്ഥനാണ് ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രം. അച്ഛന്‍- മകന്‍ സംഘര്‍ഷം പ്രമേയമാക്കുന്ന ചിത്രത്തില്‍ സൈനികോദ്യോഗസ്ഥനായ അച്ഛന്‍റെ വഴി വിട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ് മകന്‍. ഇത് ആ കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും അതിനെ അവര്‍ എങ്ങനെ നേരിടുന്നു എന്നതുമാണ് ചിത്രം പറയുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News l Malayalam News