മുംബൈ: നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത നല്‍കിയ പരാതിയിലെ കേസന്വേഷണം മുംബൈ പൊലീസ് അവസാനിപ്പിച്ചു. നാനാ പടേക്കറിനെതിരെ തെളിവുകളില്ലാത്ത സാഹചര്യത്തിലാണ് പൊലീസിന്‍റെ നടപടി. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീയുടെ പരാതി. 

എന്നാല്‍ നാനാ പടേക്കറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.  ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാനും വിചാരണ നടത്താനും പൊലീസിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്ന് സീനിയര്‍ ഇന്‍സ്പെക്ടര്‍ ഷൈലേഷ് പസാല്‍വാര്‍ പറഞ്ഞു. എന്നാല്‍ കേസവസാനിപ്പിച്ചതായ വിവരം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് തനുശ്രീ ദത്തയുടെ അഭിഭാഷകന്‍ നിതിന്‍ അറിയിച്ചു. 

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നാനാ പടേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍. ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്‍റെ കൈയില്‍ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചുതന്നുവെന്നും തനുശ്രീ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.

അഭിനയം പൂര്‍ത്തിയാക്കുംമുന്‍പ് പിന്മാറിയ ചിത്രത്തിന് വാങ്ങിയ അഡ്വാന്‍സ് തിരിച്ചുകൊടുത്തതിന് പിന്നാലെ രാജ് താക്കറെയുടെ എംഎന്‍എസ് പാര്‍ട്ടിയില്‍ നിന്നുള്ള ഗുണ്ടകളെ വരുത്തി തന്നെ ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചിരുന്നു. നാന പടേക്കര്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തം മോശം പ്രവര്‍ത്തികള്‍ക്ക് മറയാക്കാന്‍ അദ്ദേഹം ചെയ്യുന്നതാണെന്നും തനുശ്രീ ആരോപിച്ചു. ഇതിന് പിന്നാലെ പടേക്കറിനെതിരേ കേസും ഫയല്‍ ചെയ്യുകയായിരുന്നു.