ശ്രീനാഥ് ഭാസി നായകനായ ആക്ഷൻ ത്രില്ലർ ചിത്രം 'പൊങ്കാല' മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമിലേക്കും എത്തുന്നു
ശ്രീനാഥ് ഭാസി നായകനായ പൊങ്കാല എന്ന ചിത്രം മറ്റൊരു ഒടിടി പ്ലാറ്റ്‍ഫോമിലേക്കും പ്രദര്‍ശനത്തിനെത്തുന്നു. മനോരമ മാക്സിലേക്കാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്, ചിത്രം ഏഴാം തീയതി മുതല്‍ കാണാനാവും. നേരത്തെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഡിജിറ്റല്‍ റിലീസ് ആയി എത്തിയിരുന്നു. ജൂണ്‍ 12 ന് ആയിരുന്നു പ്രൈം വീഡിയോയിലൂടെയുള്ള റിലീസ്. 2025 ഡിസംബര്‍ 5 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. എ ബി ബിനില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നാണ്. തിയറ്ററുകളിലെത്തി ആറ് മാസത്തിന് ശേഷമായിരുന്നു പ്രൈം വീഡിയോയിലൂടെയുള്ള ചിത്രത്തിന്‍റെ റിലീസ്.
യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമെന്നാണ് അണിയറക്കാര്‍ പൊങ്കാലയെ വിശേഷിപ്പിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെ മറവിൽ നടന്ന വഞ്ചനയും അതിലൂടെ തകർന്നുപോകുന്ന ഒരു മനുഷ്യന്റെ ജീവിതവും തുടർന്ന് അവനെ പ്രതികാരത്തിന്റെ വഴിയിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയം, സൗഹൃദം, വിശ്വാസവഞ്ചന, നഷ്ടം, പ്രതികാരം എന്നീ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ശക്തമായ ആക്ഷൻ രംഗങ്ങളാലും ശ്രദ്ധേയമാണ്. മലയാള സിനിമയിൽ അപൂർവമായി കാണുന്ന തരത്തിൽ നിരവധി ഫൈറ്റ് സീക്വൻസുകൾ ഉൾക്കൊള്ളുന്ന ഒരു ആക്ഷൻ ത്രില്ലർ കൂടിയാണ് പൊങ്കാല.
ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 എന്നീ ബാനറുകളില്‍ ഒരുങ്ങിയ ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്നാണ് നിർമ്മിച്ചത്. ഡോണാ തോമസ് ആണ് ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസര്‍. ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോന, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി ഭാഗങ്ങളിലായിരുന്നു. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ, മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി അവതരിപ്പിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം ജാക്‌സണ്‍, എഡിറ്റര്‍ അജാസ് പുക്കാടന്‍, സംഗീതം രഞ്ജിന്‍ രാജ്, ആര്‍ട്ട് നിധീഷ് ആചാര്യ, ഫൈറ്റ് മാഫിയ ശശി, രാജശേഖര്‍, പ്രഭു ജാക്കി, കൊറിയോഗ്രാഫി വിജയ റാണി.

