ചെന്നൈ: മണിരത്നത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ചിത്രത്തില്‍ അണിനിരക്കുന്നത് വന്‍ താരനിരയാണ്. 100 ദിവസം നീളുന്ന ഷൂട്ടിംഗ് തായ്ലാന്‍റില്‍ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയായി വരുകയാണ്. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ജയറാം, വിക്രം, ജയന്‍ രവി, കാര്‍ത്തി, പാര്‍ത്ഥിപന്‍, സത്യരാജ്, കീര്‍ത്തി സുരേഷ്, അമലപോള്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് എന്നാണ് സൂചന. എന്നാല്‍ കാസ്റ്റ് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും അണിയറക്കാര്‍ പുറത്ത് വിട്ടിട്ടില്ല.

ലൈക്ക പ്രോഡക്ഷനും, മണിരത്നത്തിന്‍റെ ബാനറായ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങള്‍ എഴുതുന്നത് വൈരമുത്തുവാണ്. ശ്രീകര്‍പ്രസാദ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ രവി വര്‍മ്മനാണ്. തോട്ട ധരണിയാണ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്.

ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ കുറിച്ച് കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് പൊന്നിയിൻ സെൽവൻ. ചോള സാമ്രാജ്യം സ്ഥാപിച്ച രാജരാജ ചോളന്‍ ഒന്നാമനിലേക്ക് വളരുന്ന അരുൾമൊഴിവർമ്മനെയാണ് കല്‍ക്കി തന്‍റെ നോവലില്‍ അവതരിപ്പിക്കുന്നത്.