ശസ്‍ത്രക്രിയ വിജയകരമായി കഴിഞ്ഞെന്നാണ് പ്രകാശ് രാജ് അറിയിച്ചിരിക്കുന്നത്.

നടൻ പ്രകാശ് രാജിന് അടുത്തിടെ ഒരു അപകടത്തില്‍ പരുക്കേറ്റിരുന്നു. ധനുഷ് നായകനാകുന്ന തിരുചിട്രംബലം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരുക്ക്. പരുക്ക് ഗുരുതരമല്ലെങ്കിലും കൈക്ക് പൊട്ടല്‍ ഉണ്ടായിരുന്നു. ഇപോഴിതാ ശസ്‍ത്രക്രിയ കഴിഞ്ഞ കാര്യം അറിയിച്ച് പ്രകാശ് രാജ് തന്നെ രംഗത്ത് എത്തിയിരിക്കുന്നു.

View post on Instagram

ശസ്‍ത്രക്രിയ വിജയകരമായി. ഡോ. ഗുരുവ റെഡ്ഡിക്ക് നന്ദി എന്നും പറഞ്ഞ് ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോയും പ്രകാശ് രാജ് പങ്കുവെച്ചിരിക്കുന്നു. ഒട്ടേറെ പേരാണ് പ്രകാശ് രാജിന് ആരോഗ്യം വീണ്ടെടുക്കാനാകട്ടെ എന്ന ആശംസകളുമായി കമന്റുകള്‍ എഴുതിയിരിക്കുന്നത്. എല്ലാവരുടെയും സ്‍നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി പറഞ്ഞ പ്രകാശ് രാജ് താൻ ചിത്രീകരണത്തിലേക്ക് മടങ്ങിയെത്തുമെന്നും അറിയിച്ചു.

കൈക്ക് പരുക്കേറ്റ കാര്യം പ്രകാശ് രാജ് തന്നെയാണ് അറിയിച്ചിരുന്നത്. ഒരു ചെറിയ വീഴ്‍ച. ഒരു ചെറിയ പൊട്ടല്‍. ശസ്‍ത്രക്രിയയ്‍ക്ക് വേണ്ടി എന്റെ സുഹൃത്ത് ഡോ. ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താൻ ഹൈദരാബാദിലേക്ക് പോകുന്നുവെന്നായിരുന്നു പ്രകാശ് രാജ് അറിയിച്ചത്.

ആന്തോളജി ചിത്രമായ നവരസയില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്‍ത എതിരിയാണ് പ്രകാശ് രാജ് ഏറ്റവും ഒടുവില്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് എത്തിയ ചിത്രം. മിത്രൻ ജവഹര്‍ ആണ് പ്രകാശ് രാജ് അഭിനയിക്കുന്ന തിരുചിട്രംബലം എന്ന സിനിമ സംവിധാനം ചെയ്യുന്നത്. രജനികാന്ത് നായകനാകുന്ന സിരുത്തൈ ശിവ ചിത്രം അണ്ണാത്തെയിലും പ്രകാശ് രാജ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എനിമി അടക്കം ഒട്ടേറെ ചിത്രങ്ങള്‍ പ്രകാശ് രാജിന്റേതായി റിലീസ് ചെയ്യാനുണ്ട്.