തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളാണ് അജിത്തും വിജയ്‍യും. തമിഴകത്തെ താരങ്ങള്‍ ഉള്‍പ്പെടെ ഇവരുടെ ആരാധകരാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇരുവരുടെയും കൂടെ അഭിനയിക്കാൻ അവസരം കിട്ടിയാല്‍ എന്തായിരിക്കും ചിന്തയെന്ന ചോദ്യത്തിന് പ്രസന്ന മറുപടി പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സാമൂഹ്യമാധ്യമത്തില്‍ ആരാധകരോട് സംവദിക്കവേയാണ് പ്രസന്ന ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാൻ സമയം കണ്ടെത്തുകയായിരുന്നു പ്രസന്ന. ലോക്ക് ഡൌണില്‍ ആയതിനാല്‍ വീട്ടില്‍ തന്നെയാണ് പ്രസന്നയും. നിരവധി ആരാധകരാണ് ചോദ്യങ്ങളുമായി എത്തിയത്. അജിത്തിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയാല്‍ എന്ത് വേഷമായിരിക്കും എടുക്കുകയെന്നാണ് ഒരു ആരാധകൻ ചോദിച്ചത്.  അദ്ദേഹത്തെ സ്‍നേഹിക്കുന്നതുപോലതന്നെ സിനിമയില്‍ വില്ലൻ ആകാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസന്ന പറഞ്ഞു. വിജയ്‍യുടെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയാല്‍ എന്തായിരിക്കും മനസ്സില്‍ എന്നായിരുന്നു മറ്റൊരു ചോദ്യം. ആകാശത്തോളമായിരിക്കും എക്സൈറ്റ്‍മെന്റ് എന്നായിരുന്നു പ്രസന്നയുടെ മറുപടി. അതേസമയം അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രസന്ന ഇനി അഭിനയിക്കാനിരിക്കുന്നത്. സാമന്തയാണ് ചിത്രത്തില്‍ നായികയായി എത്തുക.