Asianet News MalayalamAsianet News Malayalam

'അമ്മാവാ' വിളി ഹിറ്റായതെങ്ങനെ; പ്രേം കുമാര്‍ പറയുന്നു

പ്രേം കുമാറിന്റെ അമ്മാവാ വിളിയുള്ള സിനിമ റിലീസ് ആയിട്ട് 25 വര്‍ഷങ്ങള്‍ കഴിയുമ്പോഴും ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നതിന്റെ കാരണം.

Premkumar remember his charecter
Author
Thiruvananthapuram, First Published Apr 29, 2020, 8:21 PM IST

'അമ്മാവാ'.... ഇങ്ങനെ എഴുതിയത് വായിക്കുമ്പോള്‍ തന്നെ ആ ശബ്‍ദം മലയാളികളുടെ കാതുകളില്‍ മുഴങ്ങും. പ്രേം കുമാര്‍ ഓര്‍മ്മയിലെത്തും. മണ്ടത്തരങ്ങളുടെ ചിരിയും. ജയറാം നായകനായ 'അനിയൻ ബാവ ചേട്ടൻ ബാവ'  എന്ന ചിത്രത്തിലെ സുന്ദരൻ എന്ന പ്രേം കുമാര്‍ മലയാളിയുടെ ചിരിയോര്‍മ്മകളില്‍ എന്നുമുണ്ട്.. രണ്ടമ്മവന്മാരുടെ അനന്തരവനായുള്ള സുന്ദരന്റെ വലിയമ്മാവാ...ചെറിയമ്മാവാ വിളി ചിരിയായി തിയറ്ററിനകത്തും പുറത്തും നിറഞ്ഞുനില്‍ക്കുന്നു. അനിയൻ ബാവ ചേട്ടൻ ബാവ റിലീസായി 25 വർഷങ്ങൾ പിന്നിടുമ്പോൾ സുന്ദരൻ എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്‍ക്കുകയാണ് പ്രേം കുമാര്‍.

Premkumar remember his charecter


പഞ്ചാരകുട്ടനായ  സുന്ദരൻ

അഭിനയത്തിന്റെ തുടക്ക കാലഘട്ടത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട കുറെയേറെ ചിത്രങ്ങളിൽ വേഷമിടാൻ എനിക്ക് കഴിഞ്ഞു, ലാലേട്ടന്റെ ബട്ടർഫ്ലൈസ്, മമ്മൂക്കയുടെ സൈന്യം, ചെപ്പടി വിദ്യ, തുടങ്ങിയ ചിത്രങ്ങളെല്ലാം എനിക്ക് സിനിമയിൽ സജീവമാകാൻ അവസരങ്ങൾ ഒരുക്കി തന്നു. രാജസേനൻ ചേട്ടന്റെ വാർദ്ധക്യ പുരാണം എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് രാജസേനൻ ചേട്ടന്റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലേയ്ക്ക് എത്തിയത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയ റാഫി മെക്കാർട്ടിനും സംവിധായകനും കൂടിയാണ് എന്നെ ചിത്രത്തിലേക്ക് വിളിച്ചത്. ശരിക്കും ആ ചിത്രം എന്റെ കരിയർ ബ്രേക്കായിരുന്നു.  ആ വർഷത്തെ വലിയ വിജയമായിരുന്നു ചിത്രം. രാജൻ പിദേവും, നരേന്ദ്ര പ്രസാദും അവതരിപ്പിച്ച രണ്ടമ്മവാന്മാരുടെ അനന്തരവനായുള്ള സുന്ദരൻ എന്ന വേഷം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. രണ്ടമ്മവാന്മാരുടെയും മക്കളെ മാറി മാറി പ്രേമിക്കുന്ന ഒരു പഞ്ചാരകുട്ടനായ കഥാപാത്രമായിരുന്നു സുന്ദരൻ. ആ കഥാപാത്രം ഹിറ്റായതോടെ കാര്യങ്ങൾ ആകെ മാറി.  ആ സമയത്തെ സിനിമയിൽ ഒരു അവിഭാജ്യഘടകമായി ഞാൻ  മാറി എന്ന് പറയാം. പിന്നെ അങ്ങോട്ട് പാർവതീ പരിണയം, ത്രീ മെൻ ആർമി, ആദ്യത്തെ കണ്‍മണി, കൊക്കരക്കോ, കാക്കക്കും പൂച്ചക്കും കല്യാണം പോലുള്ള ചിത്രങ്ങളിൽ വേഷമിട്ടു. റാഫി മെക്കാർട്ടിൻ ആദ്യമായി സംവിധാനം ചെയ്‍ത പുതുക്കോട്ടയിലെ പുതുമണവാളൻ' എന്ന ചിത്രത്തിലെ സതീഷ് കൊച്ചിൻ എന്ന വേഷം കരിയറിന്റെ ഉയരങ്ങളില്‍ എത്തിച്ചത്.


വലിയമ്മാവാ...ചെറിയമ്മാവാ....

ചിത്രത്തിലെ രണ്ടമ്മവാന്മാരുടെ അനന്തരവനായ ഞാൻ ഏറ്റവും അധികം ഉപയോഗിക്കുന്ന ഡയലോഗാണ് അമ്മാവാ വിളി. തിരക്കഥയിൽ തന്നെ റാഫി മെക്കാർട്ടിൻ ടീം ആവിളി എഴുതിയിട്ടുണ്ടായിരുന്നു. പക്ഷെ ഞാൻ അത് എന്റെതായ ശൈലിയിൽ കുറച്ച് നീട്ടി വിളിച്ചു. സംവിധായകനും അത് ഇഷ്‍ടമായി.ക്യാരിക്കേച്ചർ സ്വഭാവമുള്ള, മണ്ടത്തരങ്ങൾ കാട്ടിക്കൂട്ടുന്ന തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു അത്. സിനിമ ഇറങ്ങി കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും അമ്മാവാ വിളി ഹിറ്റായി നിൽക്കാൻ കാരണം മിമിക്രി കലാകാരൻമാരാണ്. നിരവധി വേദികളിൽ അവർ അമ്മാവാ വിളി നടത്തി. സാധാരണയിൽ കവിഞ്ഞ് ഡോസ് കൂട്ടിയുള്ള ഒരു അമ്മാവാ വിളി തന്നെയാണ് ഞാൻ 'അനിയൻ ബാവ ചേട്ടൻ ബാവ' ചിത്രത്തിൽ നടത്തിയത്.Premkumar remember his charecter


ജയറാം- പ്രേംകുമാർ കൂട്ടുകെട്ട്

ഞങ്ങൾ തമ്മിൽ അഭിനയിച്ച സിനിമകളിലെല്ലാം ഒരു പ്രത്യേക കെമസ്ട്രി വർക്ക് ചെയ്‍തിട്ടുണ്ട്. അതുല്യനായ ഒരു നടനാണ് ജയറാം. മികച്ച തിരക്കഥയിൽ ഞങ്ങൾ ഒന്നിച്ചപ്പോഴൊക്കെ വലിയ വിജയമാണ് ഉണ്ടായിട്ടുള്ളത്. മിന്നാമിനുങ്ങിന് മിന്നുകെട്ട്, അനിയൻ ബാവ ചേട്ടൻ ബാവയും പുതുക്കോട്ടയിലെ പുതുമണവാളനും, ആദ്യത്തെ കണ്‍മണിയും എല്ലാം അതിന് ഉദാഹരണമാണ്. അനിയൻ ബാവ ചേട്ടൻ ബാവയിൽ അതുല്യരായ നിരവധി അഭിനേതാക്കളായിരുന്നു ഉണ്ടായിരുന്നത്. ഒടുവിൽ ഉണ്ണികൃഷ്‍ണനും, രാജൻ പി ദേവും, നരേന്ദ്ര പ്രസാദും, ഇന്ദ്രൻസുമുണ്ട്. ജനാർദ്ദനൻ, കസ്‍തൂരിയടക്കം വലിയ താരനിരയുണ്ടായിരുന്നു.  സിനിമയുടെ മികവ് കൊണ്ട് തന്നെയാണ് എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴും ആളുകൾ അമ്മാവാ വിളിയും സുന്ദരനെയും ഓർക്കുന്നുണ്ടെന്നറിയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. സിനിമ സംവിധായകന്റെ കലയാണെന്ന് പറയുമ്പോളും ഒരു നിർമാതാവില്ലാതെ ചിത്രം നടക്കില്ല. ചിത്രത്തിന്റെ നിർമാതാക്കളായ ഹൈനസ് ആർട്ട്സിനും നന്ദി പറയുന്നു.Premkumar remember his charecter

'ലംബോ' എന്ന ടെലി ഫിലിമാണ് എന്നെ ഒരു തമാശക്കാരനാക്കുന്നത്

സ്‍കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോൾ ഒഥല്ലോ, മക്‌ബത്ത് പോലുള്ള  ഗൗരവമേറിയ കഥാപാത്രങ്ങളാണ് ഞാൻ ചെയ്‍തത്. സ്‍കൂൾ ഓഫ് ഡ്രാമയിലെ ഞങ്ങളുടെ അധ്യാപകനായിരുന്നു ഇന്നത്തെ നടനും സംവിധായകനുമായിരുന്ന പി ബാലചന്ദ്രൻ. അദ്ദേഹം ഒരുക്കിയ കഥാവശേഷൻ എന്ന നാടകത്തിൽ എന്നെ കാസ്റ്റ് ചെയ്‍തു. അത് ഒരു തമാശ നിറഞ്ഞ കഥാപാത്രമായിരുന്നു. എന്നിൽ ഒരു തമാശക്കാരൻ ഉണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് അദ്ദേഹമാണ്. പിന്നീടാണ്  'ലംബോ' എന്ന ടെലി ഫിലിലെത്തുന്നു. എന്നെ ഒരു തമാശക്കാരനാക്കുന്നത് ആ ടെലിഫിലിമാണ്. അതുകഴിഞ്ഞു സിനിമയിൽ വന്നപ്പോളും തമാശ കഥാപാത്രങ്ങളാണ് എത്തിയത്. ലംബോ' എന്ന ടെലിഫിലിമിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് എനിക്ക് ലഭിച്ചു.  മലയാള സിനിമയിൽ ഹ്യൂമർ ചെയ്യുന്നവരെല്ലാം ഭയങ്കര കക്ഷികളാണ്. ജഗതി ചേട്ടനടക്കമുള്ളവരുടെ ഹ്യൂമർ അപാരമാണ്. ഞാൻ എന്നെപറ്റിപറയുമ്പോൾ ഞാൻ അത്ര വലിയ ഹ്യൂമർ ചെയ്യാൻ കഴിവുള്ളയാളല്ല. പക്ഷെ കഥാപാത്രങ്ങൾ കിട്ടുമ്പോൾ ചെയ്യുന്നു. നല്ല തിരക്കഥയിൽ നല്ല ഹ്യൂമർ ചെയ്യാൻ സാധിക്കുന്നു. നൂറ്റമ്പതോളം സിനിമകളിൽ ഞാൻ അഭിനയിച്ചു.  അടുത്ത കാലത്ത് ഇറങ്ങിയ അരവിന്ദന്റെ അതിഥികൾ, പട്ടാഭിരാമൻ, ഉറിയടി, പഞ്ചവർണ്ണ തത്ത,തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷം ചെയ്യുവാൻ സാധിച്ചു.

Premkumar remember his charecter

റിലീസ് ആവാത്ത ആദ്യ സിനിമ

സ്‍കൂൾ ഓഫ് ഡ്രാമയിൽ നിന്നും വന്ന ശേഷം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ പി കൃഷ്‍ണപിള്ളയുടെ ജീവചരിത്രം പറയുന്ന സഖാവ് കൃഷ്‍ണപിള്ള എന്ന ചിത്രത്തിലാണ് ഞാൻ അഭിനയിച്ചത്. പി എ ബക്കർ സംവിധാനം ചെയ്‍ത സിനിമയിൽ നായക കഥാപാത്രത്തെയാണ് ഞാൻ  അവതരിപ്പിച്ചത്. പക്ഷെ നിർഭാഗ്യവശാൽ ആ സിനിമ റിലീസ് ആയില്ല. അങ്ങനെ എന്റെ ആദ്യ സിനിമ ഇപ്പോഴും റിലീസ് ആവാതെ ഇരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios