ദിലീപിന്‍റെ കരിയറിലെ 150-ാം ചിത്രം
സമീപകാലത്ത് ദിലീപ് നായകനായി എത്തിയ ചിത്രങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ദിലീപിന്‍റെ കരിയറിലെ 150-ാം ചിത്രവും നിര്‍മ്മാതാക്കളായ മാജിക് ഫ്രെയിംസിന്‍റെ ഫിലിമോഗ്രഫിയിലെ 30-ാം ചിത്രവുമായിരുന്നു ഇത്. മെയ് 9 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രം സ്ട്രീമിംഗിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെ ജൂണ്‍ 20 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. തിയറ്റര്‍ റിലീസിന്‍റെ 43-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്.
നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ബോക്സ് ഓഫീസില്‍ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 25.9 കോടിയാണ്. ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 16.77 കോടിയും ഗ്രോസ് കളക്ഷന്‍ 19.28 കോടിയും ആയിരുന്നു. വിദേശത്തെ കളക്ഷന്‍ 6.62 കോടി ആയിരുന്നു.
ഒരു വർഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിച്ച ചിത്രമാണിത്. ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമാണ് ദിലീപിനൊപ്പമുള്ള പ്രിൻസ് ആൻഡ് ഫാമിലി. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും ആണ്. ദിലീപ്- ധ്യാൻ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഇവരെ കൂടാതെ ബിന്ദു പണിക്കർ, സിദ്ദിഖ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്‍റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. റിലീസിന് ശേഷമാണ് അണിയറക്കാര്‍ ചിത്രത്തിനായുള്ള പ്രൊമോഷല്‍ അഭിമുഖങ്ങളും മറ്റും നല്‍കിയത്. ഇവയും ശ്രദ്ധ നേടിയിരുന്നു.

