സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ 1992ല്‍ പുറത്തിറങ്ങിയ ചിത്രം 'വിയറ്റ്‌നാം കോളനി'യെ പ്രശംസിച്ച് പൃഥ്വിരാജ്. ചിത്രം ഒരു ടെക്‌നിക്കല്‍ മാസ്റ്റര്‍പീസ് ആണെന്നും മലയാളത്തിലെ മുഖ്യധാരയില്‍ ഏറ്റവും മികച്ച രീതിയില്‍ എടുക്കപ്പെട്ട സിനിമകളില്‍ ഒന്നാണെന്നും പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.

മോഹന്‍ലാല്‍ നായകനായ ആദ്യ സിദ്ദിഖ്-ലാല്‍ ചിത്രമായിരുന്നു വിയറ്റ്‌നാം കോളനി. 'കൃഷ്ണമൂര്‍ത്തി' എന്ന നായക കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ കനകയായിരുന്നു നായിക. ഇന്നസെന്റ്, ദേവന്‍, വിജയ രംഗരാജു, ജഗന്നാഥ വര്‍മ്മ, കെപിഎസി ലളിത, നെടുമുടി വേണു, കുതിരവട്ടം പപ്പു, വിജയരാഘവന്‍, ഭീമന്‍ രഘു, ഫിലോമിന തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ നര്‍മ്മവും ആക്ഷനും സസ്‌പെന്‍സും ഒക്കെയുണ്ടായിരുന്നു. തിരക്കഥയും സംവിധായകര്‍ തന്നെ നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വേണു ആയിരുന്നു. 1992ല്‍ മലയാളത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളില്‍ ഒന്നുമായിരുന്നു ചിത്രം.

അതേസമയം മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ദിഖ് ആണ്. 'ബിഗ് ബ്രദര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് 25 കോടിയാണ് ബജറ്റ്. ബോളിവുഡ് താരം അര്‍ബാസ് ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്ന ചിത്രമാണ് 'ബിഗ് ബ്രദര്‍'. ബംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും 'ബിഗ് ബ്രദര്‍'. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം ഒരുക്കിയ 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാനി'ലും (2013) മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.