ആശംസകള്‍ നേര്‍ന്നും ചിത്രങ്ങള്‍ പങ്കുവെച്ചും സിനിമാ താരങ്ങള്‍ ക്രിസ്മസ് ആഘോഷമാക്കിയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ക്രിസ്മസിന് പിന്നാലെ പുതുവത്സരം കൂടി വന്നെത്തുമ്പോള്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല.  2019 അവസാനിക്കാന്‍ ഒരു ദിവസം കൂടി ശേഷിക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വര്‍ഷം കടന്നുപോകുന്നതിനെക്കുറിച്ച് വാചാലരാകുകയാണ് പൃഥ്വിരാജും സുപ്രിയയും. അവധിക്കാലം ആഘോഷിക്കാന്‍ വിദേശത്തേക്ക് യാത്ര പോയ ഇവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 2019ലെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

'എന്തൊരു വര്‍ഷമായിരുന്നു ഞങ്ങള്‍ക്കിത്! 'നയനി'ല്‍ നിന്ന്  'ലൂസിഫറി'ലേക്കും അവിടെ നിന്ന് അവസാനം 'ഡ്രൈവിങ് ലൈസന്‍സി'ലും എത്തി നില്‍ക്കുന്നു. ഒപ്പം നിന്നവര്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും ഒരുപാട് സ്നേഹം. എപ്പോഴും നന്ദിയും സ്നേഹവും മാത്രം. എല്ലാവര്‍ക്കും നല്ല അവധി ദിനങ്ങള്‍ ആശംസിക്കുന്നു. ഇനി 2020 ല്‍ കാണാം'- സുപ്രിയ കുറിച്ചു. 

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമായിരുന്നു നയൻ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'ലൂസിഫറും'. രണ്ട് ചിത്രങ്ങളും 2019ലാണ് പുറത്തിറങ്ങിയത്. നയൻ ബോക്സ് ഓഫീസിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ലൂസിഫർ മലയാള സിനിമയിൽ തന്നെ പല റെക്കോർഡുകളുമാണ് തിരുത്തിയത്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന ചിത്രമെന്ന റെക്കോർഡും ലൂസിഫർ സ്വന്തമാക്കി. 'ഡ്രൈവിങ് ലൈസന്‍സാ'ണ് പൃഥ്വിരാജിന്‍റേതായി അവസാനം പുറത്തിറങ്ങിയ സിനിമ.
 

Read More: ഭാര്യയെ അണിയിച്ചൊരുക്കി റിതേഷ്; വൈറലായി വീഡിയോ