Asianet News MalayalamAsianet News Malayalam

കോളെജിലെ സിനിമാ ചിത്രീകരണം; പൃഥ്വിരാജിന്‍റെ 'ജന ഗണ മന'യ്ക്കെതിരെ മൈസൂരുവിലെ വിദ്യാര്‍ഥികള്‍

പ്രവര്‍ത്തി ദിനങ്ങളിലെ ചിത്രീകരണത്തിനെതിരെ പ്രതിഷേധം

prithviraj movie jana gana mana shooting mysuru maharaja college students and teachers protest
Author
Thiruvananthapuram, First Published Nov 10, 2021, 5:32 PM IST

മൈസൂരു സര്‍വ്വകലാശാലയ്‍ക്ക് കീഴിലുള്ള കോളെജില്‍ നടക്കുന്ന മലയാള സിനിമയുടെ ചിത്രീകരണത്തിനെതിരെ അധ്യാപകരും വിദ്യാര്‍ഥികളും. പൃഥ്വിരാജിനെ (Prithviraj Sukumaran) നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന 'ജന ഗണ മന'യുടെ (Jana Gana Mana) ചിത്രീകരണം മൈസൂരു മഹാരാജ കോളെജിലാണ് (Mysuru Maharaja College) നടക്കുന്നത്. ഇതിനെതിരെയാണ് കോളെജിലെ അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തിയത്.

മൈസൂരു സര്‍വ്വകലാശാലയുടെ അനുമതിയോടെയാണ് ചിത്രീകരണം നടക്കുന്നതെങ്കിലും പ്രവര്‍ത്തി ദിനങ്ങളായ തിങ്കളും ചൊവ്വയും ചിത്രീകരണം നടന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അധ്യയന ദിനങ്ങളില്‍ സിനിമാ ചിത്രീകരണം നടത്തുന്നതിനോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്നും അവധി ദിനങ്ങളില്‍ ചിത്രീകരണം നടത്തുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. ഞായറാഴ്ചയാണ് സിനിമയുടെ പുതിയ ഷെഡ്യൂള്‍ കോളെജില്‍ ആരംഭിച്ചത്. തെന്നിന്ത്യന്‍ സിനിമകളുടെ പ്രിയ ലൊക്കേഷനുകളില്‍ ഒന്നാണ് മൈസൂരുവിലെ മഹാരാജ കോളെജ്. കോളെജിലെ പൈതൃക കെട്ടിടങ്ങള്‍ കോടതികളായും സര്‍ക്കാര്‍ ഓഫീസുകളായുമൊക്കെ രൂപംമാറിയാണ് സിനിമകളില്‍ പ്രത്യക്ഷപ്പെടാറ്.

2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ ഡിജോ ജോസ് ആന്‍റണിയാണ് ജന ഗണ മനയുടെ സംവിധായകന്‍. സുരാജ് വെഞ്ഞാറമൂടും മംമ്ത മോഹന്‍ദാസുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തെ റിപബ്ലിക് ദിനത്തില്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ പ്രൊമോ വീഡിയോ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സിനിമയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്. കടുവ എന്നാണ് ഈ ചിത്രത്തിന്‍റെ പേര്. 

Follow Us:
Download App:
  • android
  • ios