നിൽ നെടുമങ്ങാട് എന്ന അതുല്യപ്രതിഭയുടെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച നടുക്കത്തിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. സിഐ സതീഷ് എന്ന കഥാപാത്രം അദ്ദേഹത്തിന് നൽകിയ അന്തരിച്ച സംവിധായകൻ സച്ചിയുടെ ജന്മദിനത്തിലായിരുന്നു അനിലിന്റെ വേർപാട് എന്നത് വേദനയുടെ ആക്കം കൂട്ടുകയാണ്. അയ്യപ്പനും കോശിയിയും സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരേയും ഓർക്കുകയാണ് നടൻ പൃഥ്വിരാജ്.

“ജന്മദിനാശംസകൾ സഹോദരാ. ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്സ്. ഐ മിസ് യു സച്ചി,” എന്നാണ് പൃഥ്വി കുറിച്ചത്. 'ഇല്ല. എനിക്ക് ഒന്നും പറയാനാകുന്നില്ല. നിത്യശാന്തിയിലാണെന്ന് വിശ്വസിക്കട്ടെ അനിലേട്ടാ', എന്നാണ് അനിലിന്റെ വിയോ​ഗ വാർത്ത വന്നതിന് പിന്നാലെ പൃഥ്വി പ്രതികരിച്ചത്. 

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങി മരിക്കുന്നത്. മരിക്കുന്നതിന് മുൻപ് അനിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് സച്ചിയെ കുറിച്ചായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ചിത്രം ‘അയ്യപ്പനും കോശി’യും അനിലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. ചിത്രം റിലീസ് ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സച്ചിയും അകാലത്തില്‍ പൊലിയുകയായിരുന്നു.