'ആവേശഭരിതരായ ആ ആള്‍ക്കൂട്ടത്തിനിടയില്‍ ഞങ്ങള്‍ക്കൊപ്പം കൂടി ലാലേട്ടന്‍ എനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഒരു സര്‍പ്രൈസും തന്നു. സിനിമയില്‍ ദൈര്‍ഘ്യമേറിയ ഒരു യാത്രയാണ് എന്‍റേത്. പക്ഷേ 2019 മാര്‍ച്ച് 28 എന്ന ദിവസം മരിക്കുന്നത് വരെ എനിക്ക് സ്പെഷ്യല്‍ ആയിരിക്കും.'

മലയാള സിനിമയുടെ വിപണന സാധ്യതകള്‍ പുനര്‍നിര്‍വ്വചിച്ച ചിത്രമാണ് പൃഥ്വിരാജിന്‍റെ സംവിധായക അരങ്ങേറ്റമായിരുന്ന 'ലൂസിഫര്‍'. മോഹന്‍ലാല്‍ നായകനായ ചിത്രം ബോക്സ് ഓഫീസില്‍ ചരിത്രത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രവുമാണ്. തുടര്‍ന്ന് ചിത്രത്തിന്‍റെ സീക്വല്‍ ആയ 'എംപുരാനും' അണിയറക്കാര്‍ അനൌണ്‍സ് ചെയ്‍തിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ റിലീസിന്‍റെ ഒന്നാം വാര്‍ഷികത്തിന് തനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ആ ദിനത്തെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെക്കുകയാണ് പൃഥ്വിരാജ്. ബ്ലെസി ചിത്രം 'ആടുജീവിത'ത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് 2019 മാര്‍ച്ച് 28 എന്ന, തന്‍റെ ജീവിതം മാറ്റിമറിച്ച ആ ദിവസത്തെക്കുറിച്ച് കുറിച്ചിരിക്കുന്നത്.

ലൂസിഫറിന്‍റെ ഒന്നാം വാര്‍ഷികത്തിന് പൃഥ്വിരാജ്

'കഴിഞ്ഞ വര്‍ഷം ഇതേസമയം, ലൂസിഫര്‍ എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും ലോഡ് ചെയ്തിട്ട് അവസാനവട്ട പരിശോധന നടത്തുകയായിരുന്നു ഞാന്‍. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ മൂന്ന് മാസത്തോളം നീണ്ട, തിരക്കിട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ഷെഡ്യൂളിന്‍റെ അവസാനമായിരുന്നു അത്. എന്‍റെ ഛായാഗ്രാഹകന്‍റെയും ഒപ്പം ഡയറക്ഷന്‍, എഡിറ്റ്, സൌണ്ട്, ഡിഐ, വിഎഫ്എക്സ് ടീമിന്‍റെയും തുടര്‍ച്ചയായ പിന്തുണ കൂടാതെ എനിക്കത് സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നില്ല. അതിന് ശേഷമുള്ള ഒരു വര്‍ഷം ലോകം കുറേ വ്യത്യസ്തമാണ്. എനിക്ക് 30 കിലോ ഭാരം കുറഞ്ഞിട്ടുമുണ്ട്! ഇത് വെല്ലുവിളി നിറഞ്ഞ കാലമാണ്. നിങ്ങളെ പ്രചോദിപ്പിക്കുന്ന ഓര്‍മ്മകള്‍ക്ക് എക്കാലത്തേക്കാളും പ്രാധാന്യമുണ്ടെന്നും ഞാന്‍ കരുതുന്നു. അടുത്ത പ്രഭാതത്തില്‍ ഉറക്കമില്ലായ്‍മയുടെ ചാഞ്ചാട്ടത്തോടെ, ഞാന്‍ ആദ്യമായി സംവിധാനം ചെയ്‍‌ത ചിത്രത്തിന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ ഞാനും സുപ്രിയയും കൂടി എറണാകുളം കവിത തീയേറ്ററിലേക്ക് പോയി. ആവേശഭരിതരായ ആ ആള്‍ക്കൂട്ടത്തിനിടയില്‍ ഞങ്ങള്‍ക്കൊപ്പം കൂടി ലാലേട്ടന്‍ എനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഒരു സര്‍പ്രൈസും തന്നു. സിനിമയില്‍ ദൈര്‍ഘ്യമേറിയ ഒരു യാത്രയാണ് എന്‍റേത്. പക്ഷേ 2019 മാര്‍ച്ച് 28 എന്ന ദിവസം മരിക്കുന്നത് വരെ എനിക്ക് സ്പെഷ്യല്‍ ആയിരിക്കും. സുരക്ഷിതരായിരിക്കുക. സ്നേഹം..'

View post on Instagram

അതേസമയം കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും ആടുജീവിതത്തിന്‍റെ ചിത്രീകരണം തുടരുന്നുണ്ട്. ജോര്‍ദാന്‍ സര്‍ക്കാരിന്‍റെ അനുമതിയോടെ വാദിറം മരുഭൂമിയില്‍ ആരംഭിച്ച ചിത്രീകരണത്തിന് കര്‍ഫ്യൂ ഭീഷണി ഉയര്‍ത്തിയിരുന്നു. ചിത്രീകരണസംഘം ക്യാമ്പ് വിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ നേരിട്ടിരുന്നു. ഭക്ഷണസാധനങ്ങള്‍ക്കും പ്രതിസന്ധി നേരിടുമെന്ന ഘട്ടം വന്നു. അതോടെ ബ്ലെസി ആന്‍റോ ആന്‍റണി എംപിയെ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. ആന്‍റോ ആന്‍റണി എം പി വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ വിവരം ധരിപ്പിച്ചതനുസരിച്ച് അദ്ദേഹം വിഷയത്തില്‍ ഇടപെടുകയായിരുന്നു. നിലവില്‍ ഏപ്രില്‍ 10 വരെ ചിത്രീകരണം തുടരാന്‍ അനുമതിയുണ്ട്.