ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ചിത്രത്തിന്‍റെ മലയാളം റീമേക്ക്

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് ഒട്ടേറെ മലയാളചിത്രങ്ങളാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയത്. നിര്‍മ്മാതാക്കള്‍ക്ക് സഹായകരമായി എന്നതിനൊപ്പം ഭാഷാ അതിരുകള്‍ക്കപ്പുറത്ത് മലയാള സിനിമകള്‍ക്ക് പുതിയൊരു വിഭാഗം പ്രേക്ഷകരെ സൃഷ്‍ടിക്കാനും ഈ നീക്കം വഴിവെച്ചു. ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റോജിന്‍ തോമസ് ചിത്രം '#ഹോം' ആയിരുന്നു മലയാളത്തില്‍ നിന്നുള്ള അവസാന ഒടിടി റിലീസ്. ഇപ്പോഴിതാ മറ്റൊരു പ്രധാന പ്രോജക്റ്റും ഒടിടിയിലൂടെ എത്തുമെന്ന് അറിയുന്നു. പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ ഒരുക്കിയ 'ഭ്രമ'മാണ് ഇത്തരത്തില്‍ റിലീസ് ചെയ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

ഒടിടി വിവരങ്ങള്‍ നല്‍കുന്ന 'ലെറ്റ്സ് ഒടിടി ഗ്ലോബല്‍' ആണ് ഭ്രമം ഒരു ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന വിവരം പങ്കുവച്ചിരിക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെയാവും എത്തുകയെന്നും അവര്‍ പറയുന്നു. ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രം 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് ഈ ചിത്രം. രവി കെ ചന്ദ്രന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം എ പി ഇന്‍റര്‍നാഷണല്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

Scroll to load tweet…

ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്‍റെ മലയാളം റീമേക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശരത് ബാലന്‍ ആണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്. മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, സുരഭി ലക്ഷ്‍മി, അനന്യ, ശങ്കര്‍, സുധീര്‍ കരമന എന്നിങ്ങനെയാണ് ചിത്രത്തിലെ മറ്റു താരനിര. കോള്‍ഡ് കേസ്, കുരുതി എന്നിവയാണ് പൃഥ്വിരാജിന്‍റേതായി ഇതിനു മുന്‍പ് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രങ്ങള്‍. ഇരുചിത്രങ്ങളും ആമസോണ്‍ പ്രൈമിലൂടെയാണ് എത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona