സിനിമയില്‍ നിന്ന് മൂന്ന് മാസത്തെ ഇടവേളയെടുത്ത് നടനും സംവിധായകനും നിര്‍മ്മാതാവുമായ പൃഥ്വിരാജ്. പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരുന്ന 'അയ്യപ്പനും കോശിയും' എന്ന സിനിമയുടെ പാക്കപ്പ് ഇന്നായിരുന്നു. ഇനിയുള്ള മൂന്ന് മാസങ്ങള്‍ തനിക്ക് സിനിമയില്‍ നിന്നുള്ള ഒഴിവുകാലമാണെന്ന് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം അതിനുള്ള കാരണം എന്താണെന്നും.

ബ്ലെസ്സിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനുവേണ്ട തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ ഇടവേളയെന്നും പൃഥ്വിരാജ് പറയുന്നു. 'ഈ ഇടവേള എന്നെ സന്തോഷിപ്പിക്കുമോ എന്നറിയില്ല', എന്നാല്‍ വീട്ടിലുള്ള രണ്ട് പെണ്ണുങ്ങളെ ഈ തീരുമാനം ഏറെ സന്തോഷിപ്പിക്കുമെന്നും പൃഥ്വിരാജ് പറയുന്നു.

മൂന്ന് മാസത്തെ ഇടവേളയെക്കുറിച്ച് പൃഥ്വിരാജ്

അയ്യപ്പനും കോശിയും ഇന്ന് ചിത്രീകരണം പൂര്‍ത്തിയാക്കി. ലൊക്കേഷനില്‍നിന്ന് തിരികെ പോരുമ്പോള്‍ ഒരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി എനിക്ക് അറിയാന്‍ കഴിയാതിരുന്ന ഒരു കാര്യം. അടുത്ത മൂന്ന് മാസത്തേക്ക് സിനിമയില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണ് ഞാന്‍!!! അതെ, ഈ ഇടവേള തന്നെ ഒരു സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ ഒന്നായ ആടുജീവിതത്തിനായി. പക്ഷേ മൂന്ന് മാസം ചിത്രീകരണത്തിന്റെ ഭാഗമാവാതെയിരിക്കുക എനിക്ക് വിദൂരമായ ഒരു ഓര്‍മ്മയാണ്. ഈ ഇടവേള എനിക്ക് സന്തോഷമാവുമോ സമ്മാനിക്കുക എന്ന് അറിയില്ല. പക്ഷേ രണ്ട് പെണ്ണുങ്ങള്‍ അതില്‍ ഏറെ സന്തുഷ്ടരാവും. ഇതെഴുതുമ്പോള്‍ ഞാന്‍ വീട്ടിലെത്താനായി അവര്‍ കാത്തിരിക്കുകയാണ്. അടുത്തുതന്നെ ഞങ്ങളുടെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമായ ഡ്രൈവിംഗ് ലൈസന്‍സ് തീയേറ്ററുകളില്‍ എത്തുകയാണ്. ഇത്രനാളത്തെ കരിയറില്‍ മുഖ്യധാരയില്‍ നിന്ന് ഞാന്‍ ഭാഗമായ ഏറ്റവും കൗതുകകരമായ തിരക്കഥയാണ് ആ ചിത്രത്തിന്റേത്. ഈ മാസം ഇരുപതിന് എല്ലാവരെയും തീയേറ്ററില്‍ കാണാം.