മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ പി വാരിയര്‍. ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ കണ്ണിറുക്കു പാട്ടിലൂടെ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടിയ താരം. പ്രിയ പി വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അടുത്തിടെ പ്രിയ പി വാര്യര്‍ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഇടവേളയെടുത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്തുകൊണ്ടാണ് താൻ ഇൻസ്റ്റാഗ്രാമില്‍ നിന്ന് ഇടവേളയെടുത്തത് എന്ന് തിരിച്ചെത്തിയ പ്രിയ പി വാര്യര്‍ പറയുകയും ചെയ്‍തു.

എന്തുകൊണ്ടാണ് ഒരു ഇടവേള എടുത്തതെന്ന് ഒരുപാട് പേർ ചിന്തിക്കുന്നുണ്ടായിരിക്കും. ഇതിൽ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ . അതല്ലാതെ വലിയ കാര്യങ്ങൾ ഒന്നും തന്നെ ഇതിന് പിന്നിൽ ഉണ്ടായിരുന്നില്ല. ലോക് ഡൗൺ കാലത്ത് എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന നേരത്ത് പ്രിയ എന്തിന് ഇങ്ങനെ ചെയ്‍തു എന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ മനശാന്തിയും മാനസികാരോ​ഗ്യവുമാണ് എനിക്ക് മുഖ്യം. ഞാൻ ചെയ്‍തതിൽ ഒരു ലോജിക്കുമില്ലെന്ന് കരുതുന്നുണ്ടെങ്കിലും ശരി, കഴിഞ്ഞ രണ്ടാഴ്‍ചകാലവും വളരെയധികം സമാധാനത്തിലാണ് ജീവിച്ചതെന്ന് പ്രിയ വാര്യര്‍ പറയുന്നു.

എനിക്കറിയാം ഞാൻ ഒരുപാട് നാൾ ഇൻസ്റ്റാ​ഗ്രാമിൽ നിന്ന് ഇടവേള എടുത്തിട്ടില്ല. കാരണം ഇതെനിക്ക് ഒരു പ്രഫഷനൽ സ്പേസ് കൂടിയാണ്.  പക്ഷേ ചെറിയ ഇടവേളയായിരുന്നുവെങ്കിൽ പേലും ഞാനത് ഒരുപാട് ആസ്വദിച്ചു. സത്യത്തിൽ മനസമാധാനത്തിലായിരുന്നു. സോഷ്യൽമീഡിയ എന്നെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷേ ഒരിടയ്ക്ക് വച്ച് അതെന്നെ ബാധിക്കാൻ തുടങ്ങി. ലൈക്കുകൾ, ഫോളോവേഴ്‍സഎല്ലാം. ഞാൻ വല്ലാത്ത സമ്മർദ്ദത്തിന് അടിപ്പെട്ട പോലെ തോന്നി. ഇതിൽ നിന്ന് ഇടവേള എടുക്കുന്നതാണ് ഏറ്റവും മികച്ച പരിഹാരമെന്ന് മനസിലാക്കിയെന്നും പ്രിയ വാര്യര്‍ പറയുന്നു.

എന്റെ സ്വന്തം അക്കൗണ്ട് ഞാൻ ഡീ ആക്ടിവേറ്റ് ചെയ്തതിന് പല കഥകളും ട്രോളുകളും മീമുകളും പ്രചരിച്ചു. എന്തിന് ഇത് വലിയ കാര്യമാക്കുന്നു എന്നറിയില്ല. ഭാവിയിലും ഇടവേളയെടുക്കാൻ തോന്നിയാൽ  ഞാൻ അത് ചെയ്യും അതെന്റെ  സ്വാതന്ത്യ്രമാണ്. ട്രോളുകൾ കാരണമാണ് ഞാൻ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്‍തത് എന്ന് പലരും പറഞ്ഞു. ട്രോളുകളൾ  എനിക്ക് പരിചിതമാണ്, പിന്നെന്തിന് ഞാനത് നിർത്തണം. ആരോഗ്യകരമായ ട്രോളുകൾ എന്നും ഞാൻ സ്വീകരിച്ചിട്ടുണ്ട്. ചിലതൊക്കെ വിഷമിപ്പിച്ചിട്ടുമുണ്ടെന്നും പ്രിയ വാര്യര്‍ പറയുന്നു.

പതിനെട്ട് വയസ്സിലാണ് ഞാൻ സിനിമയിലെത്തിയത്. ഇപ്പോഴെനിക്ക് ഇരുപത് വയസ്.  ഒരാളുടെ പരിണാമം സംഭവിക്കുന്ന വയസ്സാണ് ഇത്. ഈ രണ്ട് വർഷത്തിനുള്ളിൽ എനിക്ക് നേരെയുണ്ടായ എല്ലാ ട്രോളുകളോടും നെഗറ്റിവിറ്റികളോടും എനിക്ക് നന്ദിയുണ്ട്. അതെന്നെ പല രീതിയിൽ സഹായിച്ചിട്ടുണ്ട്. മികച്ച വ്യക്തിയാക്കാനും കരുത്തുറ്റയാക്കാനും സഹായിച്ചുവെന്നും പ്രിയ വാര്യര്‍ പറയുന്നു.

പക്ഷേ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഞാൻ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്‍തതെന്ന് പലരും പറ‍ഞ്ഞു കേട്ടു. ആളുകൾ സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആർക്കാണ് പബ്ലിസിറ്റി വേണ്ടത്.  ആ കമന്റ് എന്നെ ഏറെ വേദനിപ്പിച്ചു. എല്ലാം പഴയപോലെയാകാനാണ് ഓരോരുത്തരും പ്രാർഥിക്കുന്നത്. മനുഷ്യരാണ് ഞങ്ങളും എന്ന് പരിഗണിക്കുക.  കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ഞാനെന്റെ വീടിനകത്താണ് കഴിച്ചു കൂട്ടിയത്. അതിന്റെ ഉത്കണ്ഠയും ആശങ്കയുമൊക്കെ തനിക്കുമുണ്ടെന്ന് പ്രിയ വാര്യര്‍ പറയുന്നു.

മറ്റു പലരെയും പോലെ ഞാനും എന്റെ ചിന്തകളുമായുള്ള ഏറ്റുമുട്ടലിലായിരുന്നു. എന്തായിരിക്കും എന്റെ ഭാവി, എന്റെ കരിയർ എന്നുള്ള ചിന്തകൾ, എന്റെ വ്യക്തിപരമായ പ്രശ്‍നങ്ങൾ. അതുകൊണ്ട് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകൾ പ്രയാസമാണ്. കരിയറിലെ എന്റെ തുടക്കമേ ആയിട്ടുള്ളൂ. പല നെഗറ്റീവിറ്റികളും എന്നെത്തേടി എത്തി. പോസിറ്റീവ് വശങ്ങൾ ഞാൻ കാണാൻ ശ്രമിച്ചാലും ചിലപ്പോഴൊക്കെ  നെഗറ്റിവിറ്റി മുറിവേൽപ്പിക്കും. അതുകൊണ്ട് ഇനിയൊരിക്കെ കമന്റ് ചെയ്യുമ്പോൾ ദയവായി രണ്ടാമതൊന്ന് ചിന്തിക്കുക. ഇനിയും ചിലപ്പോൾ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്യുമായിരിക്കും. ഇതുപോലുളള ഇടവേളകൾ ഇനിയും ജീവിതത്തിൽ വേണ്ടി വന്നാൽ തീര്‍ച്ചയായും ചെയ്യുന്നതായിരിക്കും. അതുവരെ നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും പ്രിയ വാര്യര്‍ പറയുന്നു.