മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശൻ. മോഹൻലാലിനൊപ്പം ഒട്ടനവധി ഹിറ്റുകളൊരുക്കിയ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ നിരവധി ശ്രദ്ധേയരായ താരങ്ങളും അഭിനയിച്ചിട്ടുണ്ട്.  നിരവധി പരസ്യ ചിത്രങ്ങളും ഒരുക്കി. എന്നാല്‍ തനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ടെന്നാണ് പ്രിയദര്‍ശൻ പറയുന്നത്. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ അമിതാഭ് ബച്ചനെ അഭിനന്ദിച്ച് രംഗത്ത് എത്തിയപ്പോഴാണ് പ്രിയദര്‍ശൻ ഇക്കാര്യം പറയുന്നത്.

അമിതാഭ് ജി, അഭിനന്ദനങ്ങൾ. അങ്ങയുമൊത്ത് നാൽപത് പരസ്യചിത്രങ്ങൾ സംവിധാനം ചെയ്‍തു. ഈ അവസരത്തിൽ അതിൽ ഒന്ന് ഞാൻ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു. ജീവിതത്തിൽ എനിക്ക് ഇനി രണ്ട് സ്വപ്‍നങ്ങൾ കൂടി പൂർത്തീകരിക്കാനുണ്ട്. ഒന്ന് അമിതാഭ് ബച്ചനുമായി സിനിമ. മറ്റൊന്ന് ശ്രീ എം ടി വാസുദേവൻ സാറിന്റെ തിരക്കഥയിൽ സംവിധാനം. ഇത് ഉടൻ തന്നെ യാഥാർഥ്യമാകുന്നാണ് ഞാൻ വിശ്വസിക്കുന്നത്- പ്രിയദര്‍ശൻ പറയുന്നു.