ബോക്സ് ഓഫീസിൽ വലിയ വിജയം കൈവരിച്ച ചിത്രമാണ് വെട്രിമാരൻ ഒരുക്കിയ അസുരൻ. മഞ്ജു വാര്യയരും ധനുഷും ഒന്നിച്ച ചിത്രം പ്രശസ്ത തമിഴ് എഴുത്തുകാരൻ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആധാരമാക്കിയാണ് ഒരുക്കിയത്. ചിത്രത്തിൽ ഇരട്ട വേഷങ്ങളാണ് ധനുഷ് കൈകാര്യം ചെയ്തത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’ അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ മഞ്ജു വാര്യർ അഭിനയിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രമായി പ്രിയാമണിയാണ് എത്തുന്നത്. സുന്ദരമ്മ എന്നാണ് കഥാപാത്രത്തിന്റെ പേര് 

വെങ്കടേഷ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ശ്രീകാന്ത് അഡ്ഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് പ്രൊഡക്‌ഷൻസും കലൈപുലി എസ് തനു വി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വട ചെന്നൈ എന്ന സിനിമയ്ക്കു ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രത്തിലെ മഞ്ജു വാര്യയരുടെ പ്രകടനം ഏറെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയിരുന്നു.