ചിത്രം പുനീതിന്‍റെ പിറന്നാള്‍ ദിനത്തില്‍ എത്തിയേക്കും

പുനീത് രാജ്‍കുമാര്‍ (Puneeth Rajkumar) ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു 'ജെയിംസ്' (James). എന്നാല്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുമ്പോഴേക്ക് കന്നഡ സിനിമാപ്രേമികളുടെ പ്രിയതാരം വിടപറഞ്ഞ് പോയിരിക്കുന്നു. ഇപ്പോഴിതാ റിപബ്ലിക് ദിനം പ്രമാണിച്ച് ചിത്രത്തില്‍ പുനീത് അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ ഒരു സ്പെഷല്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. ആരാധകര്‍ വികാരാവേശത്തോടെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ഈ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നത്.

യുദ്ധ പശ്ചാത്തലത്തിലുള്ള പോസ്റ്ററില്‍ സൈനിക യൂണിഫോമിലാണ് പുനീത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. പ്രിയ ആനന്ദ്, മേക ശ്രീകാന്ത്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. പുനീതിന്‍റെ സഹോദരങ്ങളായ രാഘവേന്ദ്ര രാജ്‍കുമാറും ശിവരാജ്‍കുമാറും ചിത്രത്തില്‍ സാന്നിധ്യങ്ങളാവും. മൂന്ന് സഹോദരങ്ങളെയും ഒരു ഫ്രെയ്‍മില്‍ കാണാന്‍ കന്നഡ സിനിമാപ്രേമികളുടെ ദീര്‍ഘനാളായുള്ള ആഗ്രഹവും കാത്തിരിപ്പുമാണ്.

Scroll to load tweet…

പുനീതിന്‍റെ പിറന്നാള്‍ ദിനമായ മാര്‍ച്ച് 17ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം. പുനീതിനോടുള്ള ആദരസൂചകമെന്ന നിലയ്ക്ക് കര്‍ണ്ണാടകയിലെ ചലച്ചിത്ര വിതരണക്കാര്‍ ഒരാഴ്ചത്തേക്ക് മറ്റു സിനിമകള്‍ റിലീസ് ചെയ്യില്ല.