ഡിസംബര്‍ 17ന് തിയറ്റര്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം

തെലുങ്കില്‍ കഴിഞ്ഞ വര്‍ഷം വന്‍ പ്രതീക്ഷയുമായെത്തി മികച്ച ബോക്സ് ഓഫീസ് പ്രകടനം നടത്തിയ ചിത്രമാണ് അല്ലു അര്‍ജുന്‍ (Allu Arjun) നായകനായ ആക്ഷന്‍ ഡ്രാമ ചിത്രം പുഷ്‍പ (Pushpa). 2021ലെ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച കളക്ഷനെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിയിലേറെ നേടിയെന്നാണ് പുറത്തെത്തിയ കണക്കുകള്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് (OTT Release) സംബന്ധിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഡിസംബര്‍ 17ന് ബഹുഭാഷകളില്‍ തിയറ്റര്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസ് ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 7നാണ് പുഷ്‍പയുടെ ഒടിടി റിലീസ് എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിര്‍മ്മാതാക്കളോ ആമസോണ്‍ പ്രൈമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സാധാരണ ആഫ്റ്റര്‍ തിയറ്റര്‍ റിലീസുകളുടെ ഒടിടി റിലീസ് തീയതി പ്രൈം വീഡിയോ മുന്‍കൂട്ടി പ്രഖ്യാപിക്കാറില്ല.

രക്തചന്ദനക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സുകുമാര്‍ ആണ്. ഫഹദ് ഫാസിലിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം എന്ന നിലയിലും പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യഭാഗമാണ് ക്രിസ്‍മസ് റിലീസ് ആയി എത്തിയത്. എന്നാല്‍ ഫഹദിന്‍റെ സ്ക്രീന്‍ ടൈം ഈ ഭാഗത്തില്‍ കുറവായിരുന്നു. രണ്ടാംഭാഗത്തില്‍ ഫഹദിന് കൂടുതല്‍ ചെയ്യാനുണ്ടാവുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട മൊഴിമാറ്റ ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാമതാണ് പുഷ്‍പ.