ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് മികച്ച കളക്ഷന്‍ നേടിയിരുന്നു

പോയ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആണ് അല്ലു അര്‍ജുന്‍ (Allu Arjun) നായകനായ പുഷ്‍പ (Pushpa). തെലുങ്ക് കൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലെത്തിയ ചിത്രത്തിന്‍റെ എല്ലാ പതിപ്പുകളും മികച്ച പ്രതികരണമാണ് നേടിയത്. ടോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന് റിലീസ് ദിനത്തില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം പ്രതീക്ഷിച്ചത്ര പോരെന്ന അഭിപ്രായം ഒരു വിഭാഗം പ്രേക്ഷകര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ആ അഭിപ്രായങ്ങള്‍ ചലനമുണ്ടാക്കിയില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് അടുത്തിരിക്കെ കൗതുകമുണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തെത്തുകയാണ്. ഒടിടി റിലീസിന് തലേദിവസം ചിത്രത്തിന്‍റെ യുഎസ് റിലീസ് സംഭവിക്കുന്നു എന്നതാണ് അത്.

ആമസോണ്‍ പ്രൈമിലൂടെ (Amazon Prime Video) ഈ വെള്ളിയാഴ്ചയാണ് (7) ചിത്രത്തിന്‍റെ ഒടിടി റിലീസ്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും. ഹിന്ദി പതിപ്പ് ഇക്കൂട്ടത്തില്‍ ഇല്ല എന്നതും ശ്രദ്ധേയം. തെലുങ്ക് ഒറിജിനല്‍ കഴിഞ്ഞാല്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച പ്രതികരണം നേടിയത് ഹിന്ദി പതിപ്പ് ആയിരുന്നു. ഹിന്ദി പതിപ്പിന്‍റെ ഇതുവരെയുള്ള ഇന്ത്യന്‍ കളക്ഷന്‍ 68.19 കോടിയാണ്. ഇപ്പോഴും ചിത്രം പ്രേക്ഷകരെ നേടുന്നുമുണ്ട്. ഈ ഹിന്ദി പതിപ്പാണ് യുഎസില്‍ വൈഡ് റിലീസിന് ഒരുങ്ങുന്നത്. മറ്റു ഭാഷാ പതിപ്പുകള്‍ പ്രൈം വീഡിയോയില്‍ എത്തുന്നതിന് തലേദിവസം, ആറാം തീയതിയായ നാളെയാണ് പുഷ്‍പ ഹിന്ദി പതിപ്പിന്‍റെ യുഎസ് റിലീസ്. 112 സ്ക്രീനുകളിലായി വലിയ റിലീസ് ആണ് ചിത്രത്തിന്. ഹംസിനി എന്‍റര്‍ടെയ്‍ന്‍‍മെന്‍റും ക്ലാസിക് എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേര്‍ന്നാണ് യുഎസിലെ വിതരണം. 

Scroll to load tweet…

അതേസമയം ചിത്രത്തിന്‍റെ എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ന്ന് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. മൈത്രി മൂവി മേക്കേഴ്സും മുട്ടംസെട്ടി മീഡിയയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രക്തചന്ദന കടത്തുകാരനായാണ് അല്ലുവിന്‍റെ ടൈറ്റില്‍ കഥാപാത്രം എത്തുന്നത്. പ്രതിനായകനായി ഫഹദ് ഫാസില്‍ എത്തുന്നു എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണിത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യഭാഗം ഡിസംബര്‍ 17നാണ് തിയറ്ററുകളില്‍ എത്തിയത്.