അഞ്ച് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന തമിഴ് ചലച്ചിത്ര സമുച്ചയവുമായി ആമസോണ്‍ പ്രൈം വീഡിയോ. 'പുത്തം പുതു കാലൈ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അഞ്ച് ലഘു ചിത്രങ്ങള്‍ ചേര്‍ന്നതാണ്. സുധ കൊങ്കര, ഗൗതം മേനോന്‍, സുഹാസിനി മണി രത്നം, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ് എന്നിവരാണ് സംവിധായകര്‍.

കൊവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ പ്രതീക്ഷയെയും പുതു തുടക്കങ്ങളെക്കുറിച്ചും ഉള്ളവയാണ്. 'ഇളമൈ ഇതോ ഇതോ' എന്ന് പേരിട്ടിരിക്കുന്ന സുധ കൊങ്കരയുടെ ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം, ഉര്‍വ്വശി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് 'അവരും നാനും/അവളും നാനും' എന്നാണ്. എം എസ് ഭാസ്കറും റിതു വര്‍മ്മയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'കോഫി എനിവണ്‍?' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്ന സുഹാസിനി മണി രത്നം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. അനു ഹസനും ശ്രുതി ഹാസനും ഈ ചിത്രത്തിലുണ്ട്.

രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് 'റീയൂണിയന്‍' എന്നാണ്. ആന്‍ഡ്രിയ ജെറമിയ, ലീല സാംസണ്‍, സിഖില്‍ ഗുരുചരണ്‍ എന്നിവരാണ് അഭിനയിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് 'മിറാക്കിള്‍' എന്നാണ്. ബോബി സിംഹയും മുത്തു കുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 'പുത്തം പുതു കാലൈ' ഈ മാസം 16ന് പ്രേക്ഷകരിലേക്ക് എത്തും.