'വിക്ര'ത്തിനു ശേഷം കമല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രം

സ്വന്തം നിര്‍മ്മാണ കമ്പനിയായ രാജ്‍കമല്‍ ഫിലിംസിന്‍റെ (Raajkamal Films) അടുത്ത ചിത്രം പ്രഖ്യാപിച്ച് കമല്‍ ഹാസന്‍ (Kamal Haasan). 2017ല്‍ പുറത്തെത്തിയ തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസിന്‍റെ 51-ാം ചിത്രമാണിത്.

താന്‍ നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ 'വിക്ര'ത്തിനു ശേഷം കമല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ടീസറുമടക്കം ശ്രദ്ധ നേടിയിരുന്നു. കാളിദാസ് ജയറാം, നരെയ്‍ന്‍, അര്‍ജുന്‍ ദാസ്, ശിവാനി നാരായണന്‍, ജാഫര്‍ സാദ്ദിഖ്, സമ്പത്ത് റാം, നന്ദിനി തുടങ്ങിയവരും ചിത്രത്തിന്‍റെ താരനിരയില്‍ ഉണ്ട്. 

Scroll to load tweet…

അതേസമയം 'ഡോക്ടറി'ന്‍റെ വിജയത്തിളക്കത്തിലാണ് ശിവകാര്‍ത്തികേയന്‍. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തമിഴില്‍ ആദ്യം ഹിറ്റ് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ഡോക്ടര്‍ ആയിരുന്നു. നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന കോമഡി എന്‍റര്‍ടെയ്‍നര്‍ 'ഡോണ്‍', ആര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം അയലാന്‍, അശോക് സംവിധാനം ചെയ്യുന്ന സിംഗ പാതൈ, അനുദീപ് സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രം തുടങ്ങി നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് ശിവകാര്‍ത്തികേയന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്.