ഈ മാസം 14ന് തിയറ്ററുകളിലെത്തേണ്ട ചിത്രം

രാജ്യത്ത് ഒരു കൊവിഡ് മൂന്നാം തരംഗത്തിന്‍റെ സാധ്യതകള്‍ മുന്നില്‍ക്കണ്ട് പല സംസ്ഥാനങ്ങളും സാമൂഹിക ജീവിതത്തില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചിരുന്നു. ദില്ലിയിലെ സിനിമാ തിയറ്ററുകള്‍ അടച്ചതിനു പിന്നാലെ ഷാഹിദ് കപൂര്‍ നായകനാവുന്ന ബോളിവുഡ് ചിത്രം 'ജേഴ്സി'യുടെ റിലീസ് നീട്ടിയിരുന്നു. മഹാരാഷ്ട്രയും തമിഴ്നാടും തിയറ്ററുകളിലെ 50 ശതമാനം പ്രവേശനം വീണ്ടും കര്‍ശനമായി നടപ്പാക്കാനും തുടങ്ങി. ഇതോടെ രാജമൗലിയുടെ ഈ വാരം എത്തേണ്ട ചിത്രം 'ആര്‍ആര്‍ആറും' റിലീസ് മാറ്റിയിരുന്നു. മറ്റൊരു ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രത്തിന്‍റെ റിലീസിനെച്ചൊല്ലിയുള്ള ഊഹാപോഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിലവില്‍ പ്രചരിക്കുന്നത്. പ്രഭാസ് (Prabhas) നായകനാവുന്ന 'രാധെ ശ്യാം' (Radhe Shyam) റിലീസ് നീട്ടുമോ എന്നതിനെച്ചൊല്ലിയാണ് അത്.

നിലവിലെ സാഹചര്യം പരിഗണിച്ച് ചിത്രത്തിന്‍റെ റിലീസ് നീട്ടാന്‍ തീരുമാനമായെന്നും എന്നാല്‍ റിലീസ് നീട്ടിയിട്ടില്ലെന്നും അത്തരത്തിലുള്ളത് വ്യാജപ്രചരണമാണെന്നും രണ്ട് തരം അഭിപ്രായങ്ങള്‍ ട്വിറ്ററില്‍ പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ രാധാകൃഷ്‍ണ കുമാര്‍. ചിത്രത്തിന്‍റെ റിലീസ് നീട്ടാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യം മോശമാവുന്നപക്ഷം അതേക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. 

ജനുവരി 14 ആണ് ചിത്രത്തിന്‍റെ നിലവില്‍ നിശ്ചയിച്ചിരിക്കുന്ന റിലീസ് തീയതി. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് പൂജ ഹെഗ്‍ഡെ ആണ്. ഭാഗ്യശ്രീ, കൃഷ്‍ണം രാജു, സത്യരാജ്, ജഗപതി ബാബു, സച്ചിന്‍ ഖേഡേക്കര്‍, പ്രിയദര്‍ശി, മുരളി ശര്‍മ്മ, കുണാല്‍ റോയ് കപൂര്‍, സത്യന്‍, ഫ്ലോറ ജേക്കബ്, സാൽ ഛേത്രി എന്നിവര്‍ക്കൊപ്പം ജയറാമും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ടി സിരീസും യു വി ക്രിയേഷന്‍സും സംയുക്തമായാണ് നിര്‍മ്മാണം.