ഒരു വാഴപ്പഴത്തിന് എത്രയായിരിക്കും വില? വില കൂടുകയും കുറയുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ സാധാരണഗതിയില്‍, വാഴപ്പഴങ്ങള്‍ക്ക് ശരാശരി ഒരു കിലോയ്‍ക്ക് നൂറ് രൂപയിലധികമുണ്ടാകുമോ? എന്നാല്‍ ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ നിന്ന് നടൻ രാഹുല്‍ ബോസ് രണ്ട് പഴം വാങ്ങിച്ചപ്പോള്‍ വില കണ്ട് അമ്പരന്നിരിക്കുകയാണ്. രണ്ട് വാഴപ്പഴത്തിന് 442.50 രൂപയാണ് ബില്‍.

ചണ്ഡിഗഡിലെ ഒരു ഹോട്ടലിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രണ്ട് വാഴപ്പഴത്തിന് രാഹുല്‍ ബോസ് ആവശ്യപ്പെട്ടത്. മുറിയിലെത്തുമ്പോഴേക്കും പഴം എത്തി. ഒപ്പം ബില്ലും. ജിഎസ്‍ടി ഉള്‍പ്പടെ 442.50 രൂപയാണ് വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിശ്വസിക്കാനാകുമോയെന്ന അടിക്കുറിപ്പോടെ രാഹുല്‍ ബോസ് തന്നെ വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടു.