രണ്ട് പതിറ്റാണ്ടിന് മുന്‍പ് നടന്ന സിനിമാ ചിത്രീകരണത്തിനിടെ ട്രെയിനിലെ അപായച്ചങ്ങല വലിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരേ കേസ്. ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിനും നടി കരിഷ്മ കപൂറിനുമെതിരെയാണ് റയില്‍വേ കോടതിയുടെ കേസ്. റെയില്‍വേ കോടതി തീരുമാനത്തിനെതിരേ താരങ്ങള്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എ കെ ജയിന്‍ മാധ്യമങ്ങളെ അറിയിച്ചു.

1997ല്‍ 'ബജ്‌റംഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ വച്ച് 2413-എ അപ്‌ലിങ്ക് എക്‌സ്പ്രസിന്റെ അപായച്ചങ്ങല വലിച്ച്, 25 മിനിറ്റോളം ഗതാഗതം വൈകിപ്പിച്ചുവെന്നാണ് താരങ്ങള്‍ക്കെതിരായ കേസ്. സണ്ണി ഡിയോളിനും കരിഷ്മ കപൂറിനുമൊപ്പം സംഘട്ടനരംഗങ്ങളില്‍ പങ്കെടുത്ത ടിനു വര്‍മ, സതീഷ് ഷാ എന്നിവര്‍ക്കെതിരെയും റെയില്‍വേ കോടതി 2009ല്‍ സമാനമായ കേസ് എടുത്തിരുന്നു. സണ്ണി ഡിയോളും കരിഷ്മ കപൂറും 2010 ഏപ്രിലില്‍ ഇതിനെതിരേ സെഷന്‍സ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നുവെന്നും എന്നാല്‍ റെയില്‍വേ കോടതി താരങ്ങള്‍ക്കെതിരേ വീണ്ടും കേസെടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകനായ എ കെ ജയിന്‍ പറയുന്നു. ഈ മാസം 24നാണ് കേസില്‍ റെയില്‍വേ കോടതിയുടെ അടുത്ത ഹിയറിംഗ്. 

1997ല്‍ നരേനയിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്ന സീതാറാം മലാകാര്‍ ആണ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ റയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് റെയില്‍വേ ആക്ടിലെ 141, 145, 146, 147 വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസ് എടുക്കുകയായിരുന്നു.